ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയന്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. ഡല്‍ഹിയില്‍ നിന്ന് മോദിയുടെ മണ്ഡലം കൂടിയായ വാരണാസിയിലേക്കാകും ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക. ആകെ 720 കിലോമീറ്ററാണ് പദ്ധതിയുടെ ദൂരം. നിലവില്‍ ഡല്‍ഹിയില്‍ നിന്നും വാരണാസി വരെ സഞ്ചരിക്കാന്‍ 12 മണിക്കൂര്‍ വേണ്ടി വരുമെങ്കില്‍, ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി യാത്രാസമയം രണ്ടര മണിക്കൂറായി കുറയും. ഡല്‍ഹി-വാരണാസി പാതയ്ക്ക് 52,680 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
സ്പാനിഷ് സ്ഥാപനമായ ഇനെകോ-ടെപ്സ-ഐസിടിയാണ് പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തുന്നത്. ഡല്‍ഹി-കൊല്‍ക്കത്ത അതിവേഗ ഇടനാഴിയുടെ ഭാഗമായാണ് ഈ പാതയുടെ നിര്‍മാണം. പദ്ധതിയുടെ അന്തിമ റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈ-സ്പീഡ് കോര്‍പ്പറേഷനും റെയില്‍വെ ബോര്‍ഡിനും സമര്‍പ്പിച്ചു. നാലര കിലോമീറ്റര്‍ യാത്ര അടിസ്ഥാന നിരക്കായി റിപ്പോര്‍ട്ടില്‍ നിശ്ചയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും ലഖ്നൗവിലേയ്ക്ക് 1980 രൂപയും, വാരണാസിയിലേക്ക് 3240 രൂപയുമായിരിക്കും നിരക്ക്.
Post Your Comments