കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി സുനില്‍ കുമാറിന്റെ കത്ത് പുറത്തുവന്ന വിവാദങ്ങള്‍ക്കിടെ കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് വി. ജയകുമാറിന് സ്ഥലം മാറ്റം. കണ്ണൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടായാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്ന് വ്യക്തമാക്കി പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ വീണ്ടും പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി അയച്ച കത്ത് സൂപ്രണ്ട് വായിച്ചശേഷമാണോ ജയില്‍മുദ്ര പതിപ്പിച്ചതെന്നാണ് പി.സി ജോര്‍ജിന്റെ ചോദ്യം. ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം അന്വേഷണം നടത്തണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.
സുനി നടന്‍ ദിലീപിന് കത്തെഴുതിയ വിഷയത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് നേരത്തെ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലല്ല, സ്ഥലം മാറ്റം നേരത്തെ തീരുമാനിച്ചതാണെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. അതേസമയം, മറ്റു ജയിലുകളുടെ തലപ്പത്തും മാറ്റമുണ്ട്. കാക്കനാട്ടെ പുതിയ സൂപ്രണ്ടായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് ചന്ദ്രബാബുവിനെ നിയമിച്ചു.
Post Your Comments