ദുബായ് : അടിമുടി മുഖം മിനുക്കാനുള്ള പദ്ധതിയുമായി ദുബായ് മെട്രോ. വിശാലമായ പുതിയ കോച്ചുകളുമായാണ് ദുബായ് മെട്രോ രൂപമാറ്റത്തിനു തയാറെടുക്കുന്നത്. ഉൾഭാഗത്താണ് വിപുലമായ ഈ മാറ്റങ്ങളൾ വരുന്നത്. ഇതോടെ ദുബായ് മെട്രോ അടിമുടി മാറും.
പുതിയ ട്രെയിനിൽ അഞ്ചു കോച്ചുകളായിരിക്കുമുള്ളത്. ഇതിലെ ഏറ്റവും പിന്നിലെ കോച്ച് സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി ഉള്ളതാണ്. ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോമിനാണ് പുതിയ ട്രെയിനുകളുടെ നിർമാണ ചുമതല. ഇത്തരത്തിലുള്ള 15 പുതിയ ട്രെയിനുകളാണ് അൽസ്റ്റോം നിർമിക്കുക.
ഈ ട്രെയിനുകളിലെ ആദ്യ കോച്ചിന്റെ പകുതി യാത്രാനിരക്ക് കൂടിയ ഗോൾഡ് ക്ലാസിലെ യാത്രക്കാർക്ക് വേണ്ടി മാത്രമായി മാറ്റിവയ്ക്കും. ഇത് എളുപ്പത്തിൽ മനസിലാക്കാനും സാധിക്കും. അതിനായി ഗോൾഡ് ക്ലാസിലെ സീറ്റുകൾ നിരനിരയായി ക്രമീകരിക്കും. കൂടുതൽ ആളുകൾക്ക് മെട്രോയിൽ സഞ്ചരിക്കാനായി വനിതാ കംപാർട്ട്മെൻറിലും സിൽവർ ക്ലാസിലും സീറ്റുകൾ നീളത്തിലായിരിക്കും ക്രമീകരിക്കുക.
എല്ലാ കോച്ചുകളിലും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ററാക്ടീവ് മാപ്പുകൾ സ്ഥാപിക്കും. ഇതിലൂടെ യാത്രക്കാർക്ക് സ്റ്റേഷനുകളെക്കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.
മറ്റ് ലോകനഗരങ്ങളേക്കാൾ പത്തുവർഷം മുൻപ് പുതിയ സാങ്കേതിക വിദ്യകൾ ദുബായിൽ അവതരിപ്പിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവിഷ്കരിച്ച 10X പദ്ധതിയുടെ ഭാഗമായാണ് ട്രെയിനുകൾ ആധുനികവൽക്കരിക്കുന്നത്.ദുബായ് മെട്രോയിൽ ഇപ്പോൾ ഉപയോഗിക്കുന്ന 35 ട്രെയിനുകൾ ഈ രീതിയിൽ ആധുനികവൽക്കരിക്കും.
എല്ലാ കോച്ചുകളിലും എൽഇഡി ലൈറ്റുകളും സ്ഥാപിക്കും. ഇതു വഴി വലിയ തോതിൽ ഊർജസംരക്ഷണത്തിനു വഴിതെളിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവീനമായ ഡിസ്പ്ലേകൾ, കൂടുതൽ ഹാൻഡിലുകൾ എന്നിവയും പുതിയ കോച്ചുകളിലുണ്ടാകും. ഭിന്നശേഷി സൗഹൃദമാക്കാനാണ് ഈ നടപടി.
Post Your Comments