ദുബായ്: സാമ്പത്തിക ശക്തിയില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഉള്‍പ്പെടാന്‍ വന്‍ കുതിപ്പ് ലക്ഷ്യംവെക്കുന്ന പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. 2033ഓടെ പൂര്‍ത്തിയാകുന്ന ദുബായ് സാമ്പത്തിക അജണ്ട(ഡി 33) എന്ന പദ്ധതിയില്‍ നൂറിലധികം സംരംഭങ്ങളിലൂടെ കോടിക്കണക്കിന് ദിര്‍ഹം സമ്പദ്‌വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നാകാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
യു.എ.ഇ വൈസ്പ്രസിഡന്‍റായും പ്രധാനമന്ത്രിയായും ദുബായ് ഭരണാധികാരിയായും 17 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസത്തിലാണ് സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക്, ലണ്ടന്‍, ഹോങ്കോങ്, ഷാങ്ഹായ്, സിംഗപ്പൂര്‍, സാന്‍ ഫ്രാന്‍സിസ്കോ എന്നിവയാണ് ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക കേന്ദ്രങ്ങളുടെ പട്ടികയിലുള്ളത്. ഇതില്‍ ആദ്യ സ്ഥാനങ്ങളിലേക്ക് കുതിച്ചുയരാനാണ് ദുബൈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള 400 നഗരങ്ങളുമായി പുതിയ വ്യാപാര പാതകള്‍ തുറക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പദ്ധതി പ്രഖ്യാപിച്ച് ട്വിറ്ററില്‍ കുറിച്ചു. 30 സ്വകാര്യ കമ്പനികളെ ഒരു ബില്യന്‍ ഡോളറിന്‍റെ മൂല്യമുള്ളവയാക്കി വളര്‍ത്താനുള്ള പദ്ധതിയും ഇതിന്‍റെ ഭാഗമായി നടപ്പിലാക്കും. 65,000 ഇമാറാത്തികളെ തൊഴില്‍ വിപണിയിലേക്ക് കൊണ്ടുവരാനുള്ള ലക്ഷ്യവും ഡി 33 പദ്ധതിയില്‍ ഉള്‍പ്പെടും. നഗരത്തിലേക്ക് പുതിയ സര്‍വകലാശാലകളെ ആകര്‍ഷിക്കാനും ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനും വിവിധ പദ്ധതികള്‍ ആവിഷ്കരിക്കും.
അടുത്ത ദശകത്തില്‍ വിദേശ വ്യാപാരം 25 ട്രില്യണ്‍ ദിര്‍ഹമായി ഉയര്‍ത്താനും 700 ബില്യണ്‍ ദിര്‍ഹം കവിയുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ഡിജിറ്റല്‍ പദ്ധതികള്‍ പ്രതിവര്‍ഷം 100 ബില്യണ്‍ ദിര്‍ഹം ദുബൈയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്നും നഗരത്തില്‍ മൂന്നു ലക്ഷത്തിലധികം നിക്ഷേപകരുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നായ ദുബായോടൊപ്പം ചേരാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments