ഇന്ന് പ്രണയത്തില്‍ അകപ്പെടാത്തവര്‍ അപൂര്‍വ്വമാണ്. പലരുടെയും പ്രണയം തകരുന്നുണ്ട്. എന്നാല്‍,മറ്റ് ചിലരുടെ പ്രണയം ദൈവീകമായി തന്നെ നീങ്ങുന്നുണ്ട്. ഇവിടെ ഒരു പ്രണയകഥയാണ് വൈറലായിരിക്കുന്നത്. നിങ്ങള്‍ പ്രണയത്തില്‍ നിന്ന് അല്ലെങ്കില്‍ കാമുകി, കാമുകനില്‍ നിന്ന് എന്താണ് പഠിച്ചത്? ഈ ചോദ്യമാണ് സമൂഹമാധ്യമമായ ക്വോറയില്‍ ഉയര്‍ന്നത്.
അതിന് ഒരു പെണ്‍കുട്ടി മറുപടി പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു. ആകാന്‍ഷ ചൗധരി ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പെണ്‍കുട്ടി പറഞ്ഞതിങ്ങനെ… തന്റെ കാമുകന്റെ മനോഭാവമാണ് തന്നെക്കൂടി മാറ്റി മറിച്ചതെന്ന് ആകാന്‍ഷ പറയുന്നു. പാണ്ടുരോഗം പിടിപെട്ടയാളാണ് ആകാന്‍ഷയുടെ കാമുകന്‍.
അത്തരക്കാരോട് ഉണ്ടായിരുന്ന ചിന്താഗതി തന്നെ മാറാന്‍ കാരണമായത് കാമുകന്‍ ആണെന്ന് അവര്‍ പറയുന്നു. എന്റെ കാമുകന് അഞ്ച് വര്‍ഷമായി പാണ്ടുരോഗം പിടിപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം കുറയ്ക്കുന്ന രോഗമാണ് ഇതെന്നാണ് അത്രയുംനാള്‍ ഞാന്‍ കരുതിയിരുന്നത്. എനിക്ക് ഇതു വന്നിരുന്നെങ്കില്‍ ഞാന്‍ സ്വയം ശപിച്ചേനെ. എന്റെ ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ നിര്‍ഭാഗ്യകരമായ ഈ രോഗത്തെക്കുറിച്ചു മാത്രം ആലോചിച്ചിരുന്നേനെ. രോഗത്തെക്കുറിച്ചു ചിന്തിച്ച് ഞാന്‍ എന്നെത്തന്നെ തകര്‍ത്തേനെ. പക്ഷേ അത്ഭുതകരമെന്നു പറയട്ടെ, എന്റെ കാമുകന്‍ ഈ രോഗത്തെ വളരെ വ്യത്യസ്തമായാണ് നേരിട്ടത്.
പാണ്ടുരോഗം ബാധിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയും ലക്ഷ്യങ്ങളെയുമൊന്നും തെല്ലും തളര്‍ത്തിയില്ല. തനിക്ക് ഇത്തരമൊരു രോഗം വന്നതിനെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതിനു പകരം നന്നായി പഠിച്ച് നല്ല ഗ്രേഡുകള്‍ വാങ്ങി നല്ല സുഹൃത്തുക്കളെ ഉണ്ടാക്കി ആത്മവിശ്വാസത്തോടെ ജീവിച്ചു. വിഷമിച്ചോ സന്തോഷമില്ലാതെയോ ഒന്നും കക്ഷിയെ കണ്ടിട്ടേയില്ല. മാത്രമല്ല മറ്റുള്ളവരെ സന്തോഷിപ്പിക്കാനും തമാശ പറയാനുമൊക്കെ സമയം കണ്ടെത്തിയിരുന്നു. പഠനത്തിലായാലും ബന്ധങ്ങളുടെ കാര്യത്തിലായാലും അദ്ദേഹം വളരെ മനോഹരമായി തന്നെ കാര്യങ്ങള്‍ ചെയ്തു.
മുമ്പ് ഒട്ടേറെ സങ്കടപ്പെടുത്തുന്ന കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചിലപ്പോഴൊക്കെ ആളുകള്‍ അദ്ദേഹത്തെക്കുറിച്ചു മോശമായി പറഞ്ഞിരുന്നു, കാണാന്‍ ഭംഗിയില്ലെന്നു പറഞ്ഞ് ഒരു പെണ്‍കുട്ടി പ്രേമാഭ്യര്‍ഥന നിരസിച്ചിരുന്നു, ജീവിതത്തില്‍ അന്നുവരെ ഒരു കാമുകിയും ഉണ്ടായിരുന്നില്ല. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും അറിവുള്ള വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
ഒരു നെഗറ്റീവ് കാര്യത്തെ പോസിറ്റീവ് ആക്കാന്‍ പ്രാപ്തിയുള്ള ഒരാള്‍, അതൊരിക്കലും എല്ലാവര്‍ക്കും ഉള്ള കഴിവല്ല. ദിവസവും എന്തെങ്കിലുമൊക്കെ കാരണങ്ങളാല്‍ ജീവിതത്തില്‍ നിരാശരായിരിക്കുന്നവരെ കണ്ടിട്ടുണ്ട്. സത്യത്തില്‍ ചില പ്രശ്‌നങ്ങളൊന്നും വലിയ പ്രശ്‌നങ്ങളേയല്ല. ജീവിതം അത്ര സന്തോഷകരമല്ലാത്തപ്പോള്‍ നിരാശരാകാതെ എങ്ങനെ ജീവിക്കണമെന്ന കാഴ്ചപ്പാടുണ്ടായത് അദ്ദേഹത്തില്‍ നിന്നാണ്. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുന്നതിലാണ് മഹത്വം. നമ്മുടെ മനോഭാവത്തിന് ഒരു നരകത്തെപ്പോലെ വ്യത്യസ്തമാക്കാന്‍ കഴിയും.- ആകാന്‍ഷ പറയുന്നു.
Post Your Comments