ചെന്നൈ: പ്രസിദ്ധീകരിച്ച് 200 വർഷങ്ങൾക്കു ശേഷം വന്ദേമാതരം എഴുതിയ ഭാഷയെക്കുറിച്ച് കോടതിവരെ തർക്കം. രണ്ട് നൂറ്റാണ്ടുകൾക്കു മുൻപാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി വന്ദേമാതരം രചിച്ചത്. എന്നാൽ ഇപ്പോഴിതാ വന്ദേമാതരം രചിച്ചത് ഏത് ഭാഷയിലാണെന്ന ആശയക്കുഴപ്പം തീര്‍ക്കാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കെ വീരമണി എന്ന ബിഎഡുകാരന്‍ യുവാവ്. യുവാവ് ഉന്നയിച്ച സംശയത്തിൽ ശരിയായ ഉത്തരത്തിലെത്താന്‍ സംസ്ഥാന അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കോടതി.
ജീവിത പ്രശ്‌നമായതിനാലാണ് വീരമണി ഈ വിഷയവുമായി കോടതിയെ സമീപിച്ചത്. കാത്തിരുന്ന സര്‍ക്കാര്‍ ജോലി ഈ ഒരൊറ്റ ചോദ്യത്തിലാണ് ഇയാള്‍ക്ക് നഷ്ടപ്പെട്ടത്.സര്‍ക്കാര്‍ സ്‌കൂളില്‍ ബിടി അസിസ്റ്റന്റായുള്ള ജോലി നഷ്ടപ്പെടുത്തിയത് വന്ദേമാതരം ഏത് ഭാഷയിലാണ് രചിക്കപ്പെട്ടതെന്ന ചോദ്യമാണ്.
വന്ദേമാതരം രചിച്ചത് ബംഗാളി ഭാഷയിലാണ് എന്ന് എഴുതിയതിനാല്‍ തെറ്റുത്തരമായി. അതിനാല്‍ 89മാര്‍ക്കേ വീരമണിക്ക് ലഭിച്ചുള്ളൂ. 90 മാര്‍ക്ക് വേണം പരീക്ഷയ്ക്ക് യോഗ്യത നേടാന്‍. താന്‍ പഠിച്ച പുസ്തകങ്ങളിലെല്ലാം ബംഗാളിയിലാണ് വന്ദേമാതരം രചിക്കപ്പെട്ടതെന്നായിരുന്നു എഴുതിയതെന്നാണ് വീരമണിയുടെ വാദം. ഇതാണ് ഇയാളെ കോടതിയിലേക്ക് എത്തിച്ചത്.
ഇത്തരത്തിൽ തെറ്റായ മൂല്യ നിര്‍ണ്ണയം മൂലം തനിക്ക് അവസരം നഷ്ടപ്പെട്ടുത്തിയെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. വന്ദേമാതരം രണ്ട് ഭാഷയിലും കൂടിയാണ് രചിക്കപ്പെട്ടതെന്ന് വാദിഭാഗം വക്കീല്‍ കോടതിയെ അറിയിച്ചപ്പോള്‍ സംസ്‌കൃതത്തിലാണ് രചിക്കപ്പെട്ടതെന്നും പിന്നീട് ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
ഒടുവിൽ സംസ്ഥാന അഡ്വക്കേറ്റ് ജനറലിനെ ശരിയായ ഉത്തരത്തിലെത്താന്‍ കോടതി ചുമതലപ്പെടുത്തി. ജൂലൈ 11ന് മുമ്പ് ശരിയായ ഉത്തരം കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. മിക്ക പാഠപുസ്തകങ്ങളും രണ്ട് ഭാഷകളിലും രചിക്കപ്പെട്ടതാണെന്നാണ് പഠിപ്പിക്കുന്നത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം നോവലിലെ ഭാഗമാണ് കവിതയെന്നും അത് സംസ്‌കൃതം ഭാഷയിലുള്ളതാണെങ്കിലും ബംഗാളി ലിപികളിലാണ് എഴുതപ്പെട്ടതെന്നാണ് പൊതുവെ പറയപ്പെടുന്നത്.
Post Your Comments