വാഷിങ്ടന്‍ : അമേരിക്കയെവരെ ഒറ്റയടിക്കു ലക്ഷ്യമിടാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചതിന് തൊട്ടു പിന്നാലെ ഉത്തര കൊറിയയെ വീഴ്ത്താനുറച്ച് അമേരിക്ക രംഗത്തെത്തി. അലാസ്‌ക വരെ എത്താന്‍ ശേഷിയുള്ളതാണു മിസൈല്‍ എന്നു യുഎസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ്ഉത്തര കൊറിയയെ നേരിടാനുറച്ച് അമേരിക്ക രംഗത്തെത്തിയിരിയ്ക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ ശക്തമായ താക്കീതുകളെ പുച്ഛിച്ചു തള്ളിയാണ് അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-14 മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്.
ഉത്തരകൊറിയയെ നേരിട്ട് ‘ഉപദ്രവിക്കാതെ’, പരോക്ഷ നീക്കങ്ങളിലൂടെ അവരെ ഒതുക്കാനാണ് യുഎസിന്റെ ശ്രമം. ഇതിന്റെ ഭാഗമായി, ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭിക്കുന്ന വഴികള്‍ അടയ്ക്കാന്‍ യുഎസ് നീക്കം തുടങ്ങി.
ഉത്തരകൊറിയയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ചൈനീസ് കമ്പനികള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് യുഎസ് ആലോചിക്കുന്നത്. മുന്‍പ് ഇറാനുമായി അഭിപ്രായ വ്യത്യാസം രൂക്ഷമായ ഘട്ടത്തില്‍ അവരെ നിലയ്ക്കു നിര്‍ത്താന്‍ യുഎസിനെ സഹായിച്ചിട്ടുള്ള തന്ത്രമാണിത്. തുടക്കത്തില്‍ അനുരഞ്ജനത്തിനില്ലെന്ന് വാശി പിടിച്ച ഇറാനെ, ചര്‍ച്ചയാകാം എന്ന നിലപാടിലെത്തിച്ചത് ഇത്തരം ഉപരോധ തന്ത്രങ്ങളാണ്. സാമ്പത്തിക ഞെരുക്കം ബാധിക്കുന്നതോടെ ഉത്തരകൊറിയയും ‘നേര്‍വഴിക്കു’ വരുമെന്നാണ് യുഎസിന്റെ പ്രതീക്ഷ.
അതേസമയം, ചൈനീസ് കമ്പനികള്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ള ഈ തന്ത്രം, ചൈനയുടെ അപ്രീതിക്കു കാരണമാകുമെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഉത്തരകൊറിയയെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ചൈനയ്ക്ക് അവഗണിക്കാനാകാത്ത പങ്കുണ്ട്.
കഴിഞ്ഞ ദിവസം പരീക്ഷിച്ച അണ്വായുധവാഹക ഭൂഖണ്ഡാന്തര മിസൈല്‍, യുഎസിനുള്ള സ്വാതന്ത്ര്യദിന സമ്മാനമാണെന്ന ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രഖ്യാപനവും യുഎസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഉത്തരകൊറിയ ലോകത്തിനു വീണ്ടും ഭീഷണിയായിരിക്കുന്നുവെന്നു പ്രതികരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിലേഴ്‌സന്‍, ഇതിനെതിരെ ആഗോളനടപടി വേണമെന്നും ആവശ്യപ്പെട്ടു. ഉപരോധം മറികടന്ന് ഉത്തര കൊറിയയ്ക്ക് സാമ്പത്തിക, സൈനിക സഹായങ്ങള്‍ ചെയ്യുന്ന രാജ്യങ്ങള്‍ അപകടകാരിയായ ഭരണകൂടത്തിനു കൂട്ടുനില്‍ക്കുകയാണെന്നു മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക നീക്കത്തിനോടും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനോടും വിയോജിച്ച് റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്
Post Your Comments