പത്തനംതിട്ട: ശബരിമലയിലെ ഭണ്ഡാരത്തില്‍ നിന്ന് റോക്കറ്റിന്റെ രൂപത്തില്‍ മടക്കിയ പാകിസ്ഥാന്റെ 20 രൂപ നോട്ടു ലഭിച്ചു. അസാധാരണമെന്ന് കണ്ട് പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചതായി പത്തനംതിട്ട പൊലീസ് ചീഫ് ഡോ. സതീഷ് ബിനോ അറിയിച്ചു.
കുട്ടികള്‍ പേപ്പര്‍കൊണ്ട് ഉണ്ടാക്കുന്ന റോക്കറ്റിന്റെ ആകൃതിയില്‍ അഗ്രം കൂര്‍പ്പിച്ചു മടക്കിയ നിലയിലാണ് ഭണ്ഡാരം ജീവനക്കാര്‍ക്ക് നോട്ടു ലഭിച്ചത്. ജൂലായ് ഒന്നിനു വൈകിട്ട് നടതുറന്ന ശേഷമാണ് ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരത്തില്‍ നോട്ട് ഇട്ടതെന്നു വ്യക്തമായിട്ടുണ്ട്.
ശബരിമലയില്‍ ഉത്സവം നടന്നുകൊണ്ടിരിക്കുകയാണ്. പമ്പ സി.ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം. സി. സി. ടി. വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ജൂലായ് ഒന്നിനു മുന്‍പും ശേഷവുമുളള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. അന്ന് ഉച്ചവരെയുളള കാണിക്ക എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. തുടര്‍ന്നുളള കാണിക്ക മൂന്നിന് രാവിലെ എണ്ണിയപ്പോഴാണ് പാകിസ്ഥാന്‍ നോട്ട് റോക്കറ്റിന്റെ ആകൃതിയില്‍ കണ്ടത്.
ശബരിമലയിലെ ഭണ്ഡാരത്തില്‍ നിന്ന് നൂറിലേറെ രാജ്യങ്ങളുടെ കറന്‍സി ലഭിക്കാറുണ്ട്. വിദേശ രാജ്യങ്ങളിലുളള അയ്യപ്പ ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്നതാണിത്. ഇങ്ങനെ ലഭിക്കുന്ന പാകിസ്ഥാന്റെ നോട്ടുകളെപ്പറ്റി ദേവസ്വം അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കാറുണ്ട്. എന്നാല്‍, അസാധാരണ നിലയില്‍ കറന്‍സി കണ്ടതാണ് അന്വേഷണത്തിനു വഴിവച്ചത്.
Post Your Comments