ജക്കാര്‍ത്ത : ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രണയം തോന്നാം. പക്ഷേ പ്രായം അതിരുകടന്നാലോ? ഈ അസാധാരണ പ്രണയ കഥ നടന്നത് ഇന്തോനേഷ്യയിലാണ്. ഈ പ്രണയത്തിലെ പ്രണയ ജോഡികളുടെ പ്രായം എത്രയെന്നറിഞ്ഞാലാണ് എല്ലാവരും അമ്പരക്കുന്നത്.
ഇത് ഇന്‍ഡോനേഷ്യയില്‍നിന്നുള്ള സെലാമത്ത് റിയാദിയും റൊഹായയും. പ്രണയ ജോഡികളില്‍ വരനായ സലാമത്തിന് വെറും 16 വയസ്സും വധു റൊഹായത്തയ്ക്ക് 71-വയസ്സും. രണ്ട് പേര്‍ക്കും വേര്‍പിരിഞ്ഞിരിയ്ക്കാന്‍ പറ്റാത്ത അവസ്ഥ. അങ്ങനെ ഒടുവില്‍ ആ പ്രണയം വിവാഹത്തിലെത്തി. എന്നാല്‍ പ്രണയം പുറത്തറിഞ്ഞപ്പോള്‍ ഇരുവരുടെയും ബന്ധുക്കള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ, ബന്ധുക്കള്‍ വഴങ്ങി. ഒടുവില്‍ മതാചാരപ്രകാരം വിവാഹം നടത്തികൊടുക്കുകയും ചെയ്തു.
തെക്കുപടിഞ്ഞാറന്‍ സുമാത്രയിലെ കരാങ്ങെന്‍ഡായില്‍നിന്നാണ് ഈ വിശേഷം. മുമ്പ് രണ്ടുവട്ടം വിവാഹിതയായിട്ടുള്ള റൊഹായയുടെ ഭര്‍ത്താക്കന്മാര്‍ രണ്ടുപേരും മരിച്ചുപോയി. ഇതോടെ, തനിച്ച് താമസിക്കുകയായിരുന്ന ഇവരുമായി സെലാമത്ത് പ്രണയത്തിലാവു കയായിരുന്നു. ഇതിനെ ഇവരുടെ ബന്ധുക്കളും സമൂഹത്തിലെ മറ്റുള്ളവരും എതിര്‍ത്തതോടെ യാണ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി ഉയര്‍ത്തിയത്.
ഇവരുടെ ആചാരമനുസരിച്ച് വധു താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്‍ അനുവദിച്ചാല്‍ മാത്രമേ വിവാഹം നടക്കൂ. റൊഹായയുടെ വീട്ടുടമസ്ഥന്‍ ഗോത്രത്തലവനായ കുസ്വോയോ ആയിരുന്നു. ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയതോടെ കുസ്വോയോ വിവാഹത്തിന് അനുമതി നല്‍കി. ഇന്‍ഡോനേഷ്യയില്‍ പുരുഷന്മാരുടെ വിവാഹപ്രായം 19 വയസ്സാണെങ്കിലും, മതാചാര പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് ഇളവുണ്ട്. ഈ പഴുതുപയോഗിച്ചാണ് 16-കാരന്റെ വിവാഹം നടത്തിയത്.
സോഷ്യല്‍ മീഡിയയിലുടെ ഇവരുടെ വിവാഹ ഫോട്ടോയും വീഡിയോകളും വൈറലായിരിക്കുകയാണിപ്പോള്‍. വിവാഹം യഥാര്‍ഥത്തിലുള്ളതാണോ എന്ന് സംശയിക്കുന്നവരുമേറെയാണ്. വിവാഹം യഥാര്‍ഥത്തിലുള്ളതാണെന്നും കുസ്വോയോയോട് സംസാരിച്ച് അത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്‍ഡോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments