ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്ന റെയിൽവേ സ്റ്റേഷൻ ടൂറിസ്റ്റ് കേന്ദ്രമാകുന്നു. മോദി ചെറുപ്പകാലത്തു ചായ വില്‍പന നടത്തിയിരുന്ന ഗുജറാത്ത് വഡനഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കടയാണ് വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ പറഞ്ഞത്.
കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. വഡനഗർ റെയിൽവേ സ്റ്റേഷനകത്തെ ചെറിയ ചായക്കടയുടെ പഴയരൂപം നിലനിർത്തി ഒപ്പം നവീനസംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്തുമായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നും മന്ത്രി അറിയിച്ചു. എന്നാൽ, വഡനഗർ റെയിൽവേ സ്റ്റേഷനെ വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കാനാണ് പദ്ധതിയെന്നും ചായക്കടയുടെ മുഖം മിനുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പിന്നീടു ഡൽഹിയിൽ വ്യക്തമാക്കി.
പിതാവിനൊപ്പം ചെറുപ്പത്തിൽ, റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റുനടന്നിരുന്ന കാര്യം 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു മോദി പലപ്പോഴും പരാമർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ജന്‍മദേശം മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണ് വഡ്‌നഗര്‍.
Post Your Comments