ന്യൂഡല്‍ഹി: ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിവസം വന്നെത്തുന്നു. ഇനി മണിക്കൂറുകള്‍ മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങളില്‍ ഏറ്റവും വലിയ ഒന്നായ ജിഎസ്ടി ലോഞ്ചിങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി. ഒരു സ്വപ്നസാക്ഷാത്കാരത്തിലേക്കാണ് രാജ്യം ചുവടുവെയ്ക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണത്തിലേക്കാണ് രാജ്യം നടന്നുനീങ്ങുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി 11 മണിക്ക് ഒരു രാജ്യം, ഒരു നികുതി എന്ന പദ്ധതി പ്രാവര്‍ത്തികമാകും. നോട്ടുനിരോധനം എന്ന വലിയ തീരുമാനത്തിനുശേഷം മോദി സര്‍ക്കാര്‍ എടുത്ത ചരിത്രപരമായ തീരുമാനമായിരുന്നു ജിഎസ്ടി. ജിഎസ്ടി മോദി സര്‍ക്കാരിന്റെ ചരിത്രനേട്ടമാകുമോ? 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഇത് എങ്ങനെ ബാധിക്കും..? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളുണ്ട്.
രാജ്യമെങ്ങും ഒരേ നികുതിയെന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ വിപ്ലവകരമായ പരിഷ്‌കരണമാണ് ഇന്ത്യന്‍ നികുതി വ്യവസ്ഥയില്‍ നടപ്പാകുന്നത്. മറ്റൊരു സര്‍ക്കാരും എടുക്കാന്‍ ധൈര്യം കാണിക്കാത്ത നടപടിയാണ് മോദി നടപ്പിലാക്കുന്നത്. സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങളാണ് ഇതിലൂടെ സംഭവിക്കുക. രാജ്യത്തിന് മാത്രമല്ല ബിജെപിക്കും ഈ പദ്ധതി ഗുണകരമാകും.
2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജിഎസ്ടി ബിജെപിക്ക് നേട്ടം കൊണ്ടുവരുമെന്നുതന്നെ പറയാം. ജിഎസ്ടി എന്ന പദം സാധാരണക്കാര്‍ക്ക് സുപരിചിതമായത് ഈ വര്‍ഷമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇതിന്റെ ചര്‍ച്ചകള്‍ നടന്നതാണ്. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന വിപി സിങ് മോഡിഫൈഡ് വാല്യൂ ആഡഡ് ടാക്‌സ് (ങഛഉഢഅഠ ) എന്ന പേരില്‍ ജിഎസ്ടിക്കു സമാനമായ നികുതി പരിഷ്‌കാരം അവതരിപ്പിച്ചിരുന്നു.
2000ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ജിഎസ്ടിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനായി അന്നത്തെ പശ്ചിമബംഗാള്‍ ധനകാര്യമന്ത്രി അസിം ദാസ് ഗുപ്തയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ 17 വര്‍ഷത്തെ സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെടാന്‍ പോകുന്നത് എന്നു ചുരുക്കം.
രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ വില ജിഎസ്ടിയുടെ വരവോടെ വന്‍തോതില്‍ കുറയുമെന്നാണ് കണക്കു കൂട്ടല്‍. അഞ്ചു ശതമാനം നികുതിയാണ് അവശ്യ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആഢംബര വസ്തുക്കള്‍ക്കും മൊബൈല്‍, ഇലക്ട്രോണിക്,ഗൃഹോപകരണ,നിര്‍മ്മാണ വസ്തുക്കള്‍ക്കും നികുതി കൂടും. ഹോട്ടല്‍ ഭക്ഷണവും ആഢംബര താമസവും മുന്‍പത്തേക്കാള്‍ ചിലവ് കൂടും.
ഇന്‍ഷുറന്‍സ്, ബാങ്കിങ്ങ് സേവനങ്ങളുടെ നിരക്കും കൂടും. വിദ്യാഭ്യാസ,ആരോഗ്യ മേഖലകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
Post Your Comments