ഹേഗ് : ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട്. ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നെതര്‍ലാന്‍ഡ്സ് പിന്തുണ അറിയിച്ചു. ഭീകരതയെ അഭിസംബോധന ചെയ്യുന്നതിലുള്ള ഇരട്ടത്താപ്പിനെ ഇന്ത്യയും നെതര്‍ലാന്‍ഡ്സും അപലപിച്ചു. ഭീകരതയെ ഒരിക്കലും ന്യായീകരിക്കാനാകില്ല. ഭീകരതയ്ക്കെതിരായ പോരാട്ടം ഭീകരപ്രവര്‍ത്തനങ്ങളിലും സംഘടനകളിലും ഒതുങ്ങി നില്‍ക്കാതെ ഇവര്‍ക്ക് സഹായവും പിന്തുണയും നല്കുന്നവരിലേയ്ക്ക് കൂടി വ്യാപിപ്പിക്കണമെന്ന് പ്രസ്താവനയില്‍ ഇരുകൂട്ടരും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ നെതര്‍ലാന്‍ഡ്സ് ഏറ്റവും വലിയ പങ്കാളിയായതായി മോദി ചൂണ്ടിക്കാട്ടി. ആഗോള ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ മുന്നേറ്റം സ്വാഗതം ചെയ്യുന്നതായി മാര്‍ക്ക് റൂട്ടും പറഞ്ഞു. ക്ലീന്‍ ഇന്ത്യ, മേയ്ക്ക് ഇന്ത്യ തുടങ്ങിയ പദ്ധതികളെ റൂട്ട് പ്രകീര്‍ത്തിച്ചു. ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയതായും ഇന്ത്യന്‍ വിപണി നിരവധി സാധ്യതകള്‍ ഒരുക്കുന്നതായും റൂട്ട് ചൂണ്ടിക്കാട്ടി.
സാമൂഹിക സുരക്ഷ, ജല സഹകരണം, സാംസ്ക്കാരിക സഹകരണം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പിട്ടു. ജനാധിപത്യം, മനുഷ്യവകാശം, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സമാനത പുലര്‍ത്തുന്നുവെന്ന് മാര്‍ക്ക് ചൂണ്ടിക്കാട്ടി. ആഗോള പ്രാധാന്യമുള്ള വിഷയങ്ങളായ കാലാവസ്ഥാ വ്യതിയാനം, സ്വതന്ത്ര വ്യാപാര കരാര്‍, സുസ്ഥിര വികസനം തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ഉറപ്പുനല്‍കി.
Post Your Comments