തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി തീരുമാനിച്ചു. നിലവിലെ ഡി.ജി.പി ടി.പി.സെൻകുമാർ മറ്റന്നാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് ഒരു ഇടവേളയ്ക്ക് ശേഷം ബെഹ്റ തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സെർച്ച് കമ്മറ്റി ബെഹ്റയെ ഡി.ജി.പി സ്ഥാനത്തേക്ക് ശുപാർശ ചെയ്തിരുന്നു. ഇത് മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ടി.പി.സെൻകുമാർ പൊലീസ് മേധാവിയായപ്പോൾ ബെഹ്റയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. ചീഫ്സെക്രട്ടറി നളിനി നെറ്റോ, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ആഭ്യന്തര സെക്രട്ടറി സുബ്രതോബിശ്വാസ് എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റി ഇന്നലെ രാത്രി യോഗം ചേർന്നാണ് ശുപാർശ തയ്യാറാക്കിയത്.
സീനിയോറിറ്റി പ്രകാരം സെൻകുമാറിന് ശേഷം മുതിർന്നയാൾ ഇപ്പോൾ ഐഎംജി ഡയറ്കടറായ ജേക്കബ് തോമസാണ്. ജേക്കബ് തോമസിനെ പരിഗണിക്കാതെയാണ് ബഹ്റയെ തലപ്പത്ത് കൊണ്ടുവരുന്നതെന്നും ശ്രദ്ധേയം. ബഹ്റ പൊലീസ് തലപ്പെത്ത് എത്തുന്നതോടെ ആഭ്യന്തര വകുപ്പിലും, വിജിലൻസിലും ഫയർഫോഴ്സിലും വൻ അഴിച്ചുപണിയുണ്ടാകും.
Post Your Comments