തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്നവര്‍ക്കും, അടിയന്തര വൈദ്യ സഹായം ആവശ്യമുള്ളവര്‍ക്കും ഏറെ സഹായകമായിരുന്നു 108 ആംബുലന്‍സുകള്‍. അപകടം നടക്കുന്നിടത്ത് ചീറിപ്പാഞ്ഞെത്തി എത്രയും വേഗം അടിയന്തര സഹായം നല്‍കി ആശുപത്രിയിലെത്തും 108 ആംബുലന്‍സുകള്‍ ഇന്ന് എത്ര എണ്ണം ഉണ്ടെന്ന ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. തികച്ചും സര്‍ക്കാരിന്റെ അനാസ്ഥ മൂലം 108 ആംബുലന്‍സുകളില്‍ പലതും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
അതിനിടയിലാണ് കേന്ദ്ര മാതൃകയില്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ എത്തുന്നത്. വാഹന അപകടങ്ങള്‍ ഉണ്ടായാല്‍ അതിവേഗം വിദഗ്ദ ചികിത്സ ലഭ്യമാക്കാനുള്ളതാണ് പുതിയ പദ്ധതി. അതായത് 108 ചെയ്തിരുന്ന അതെ പദ്ധതി തന്നെ പുതിയ രൂപത്തില്‍ എത്തുന്നു എന്ന് സാരം.പുതിയ പദ്ധതി പ്രകാരം സംസ്ഥാനത്തെ പ്രധാന പാതകളില്‍ അപകടം ഉണ്ടായാല്‍ 15 മിനിറ്റിനകം സുസജ്ജമായ ആംബുലന്‍സെത്തി പരുക്കേറ്റയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ഉടന്‍ ആശുപത്രിയിലെത്തിക്കും. പുതിയ പദ്ധതിക്കായി 315 ആംബുലന്‍സ് പോയിന്റുകളാണ് ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
35 സര്‍ക്കാര്‍ ആശുപത്രികളെ അപകട ചികിത്സയ്ക്ക് പര്യാപ്തമായി വികസിപ്പിക്കും. അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ആശുപത്രികള്‍ക്കായി 128 കോടിയും, ആംബുലന്‍സ് സംവിധാനത്തിനായി 48 കോടിയുമാണ് മതിപ്പ് ചിലവായി കണക്കാക്കിയിരിക്കുന്നത്. 108 ആംബുലന്‍സുകള്‍ക്ക് മരണമണി മുഴങ്ങുമ്പോള്‍, അവ വേണ്ടരീതിയില്‍ പരിപാലിക്കാതെ പുതിയ പദ്ധതിക്കായി കോടികള്‍ ചിലവാക്കുന്നത് പണം തട്ടാനുള്ള പുതിയ മാര്‍ഗമാണെന്നും ആരോപണമുണ്ട്.
Post Your Comments