ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വര്‍ഷത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 150 വര്‍ഷമായി പിന്തുടരുന്ന സാമ്പത്തിക വര്‍ഷ സംവിധാനം മാറ്റം വരുത്താനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്നാണ് സൂചന. സാമ്പത്തിക വര്‍ഷത്തിന് (ഏപ്രില്‍ – മാര്‍ച്ച്) പകരം കലണ്ടര്‍ വര്‍ഷം (ജനുവരി ഡിസംബര്‍) തന്നെ ബഡ്ജറ്റ് അവതരണത്തിനും കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിനും പരിഗണിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിന്റെ ഭാഗമായി 2018 കലണ്ടര്‍ വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് കേന്ദ്ര സര്‍ക്കാര്‍ ഈവര്‍ഷം നവംബറില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
സാമ്പത്തിക വര്‍ഷ കലണ്ടര്‍ വര്‍ഷ സംയോജനം പഠിക്കാനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ശങ്കര്‍ ആചാര്യ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. കലണ്ടര്‍ വര്‍ഷം തന്നെ പിന്തുടര്ന്നാല് മതിയെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. നീതി ആയോഗും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും റിപ്പോര്‍ട്ടിനെ അനുകൂലിച്ചിരുന്നു.
സാമ്പത്തിക വര്‍ഷത്തിനു പകരം കലണ്ടര്‍ വര്‍ഷം തന്നെ പിന്തുടരാന് സംസ്ഥാനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യര്‍ത്ഥിച്ചിരുന്നു. 2018 മുതല്‍ സാമ്പത്തിക വര്‍ഷം ഉപേക്ഷിച്ച് കലണ്ടര്‍ വര്‍ഷത്തിലേക്ക് മാറാന്‍ മദ്ധ്യപ്രദേശ് തീരുമാനിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളും വൈകാതെ ഈ രീതിയിലേക്ക് മാറുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതുവരെ ഏതെങ്കിലും സംസ്ഥാനം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നതും സര്‍ക്കാരിന് പ്രതീക്ഷകള്‍ നല്കുന്നു.
Post Your Comments