ശബരിമല: അയ്യപ്പസന്നിധിയിലെ പുതിയ സ്വര്‍ണ കൊടിമരത്തിന് കേടുപാട് സംഭവിച്ചു. പുതിയ കൊടിമരത്തിന്റെ ഒരു ഭാഗത്തിലെ സ്വര്‍ണം ഉരുകി ദ്രവിച്ചിരിക്കുകയാണ്. പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയില്‍ മെര്‍ക്കുറി എറിഞ്ഞാണ് കേടുവരുത്തിയത്.
മെര്‍ക്കുറി തുണിയില്‍ പുരട്ടി എറിയുകയായിരുന്നെന്നാണ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് പഞ്ചവര്‍ഗ തറയിലെ പദാര്‍ത്ഥം വീണ ഭാഗങ്ങളിലെ സ്വര്‍ണം ഉരുകി ദ്രവിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പുതിയ സ്വര്‍ണകൊടിമരം പുനഃപ്രതിഷ്ഠിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ള ഉന്നത നേതാക്കളും സ്വര്‍ണ കൊടിമരത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേടുവരുത്തിയ കൊടിമരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സ്വര്‍ണക്കൊടിമരം നശിപ്പിച്ച സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ആരോ മനപൂര്‍വ്വം ചെയ്ത ചതിയാണെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. ഇതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള പക ഉണ്ടോയെന്ന് സംശയിക്കുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments