ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ ഭാരത ചരിത്രത്തിലെ കറുത്ത ദിനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെയാണ്. പ്രധാനപ്പെട്ട ജന നേതാക്കള്‍ക്കോ ജുഡീഷ്യറിക്കോ അടിയന്തരാവസ്ഥയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല.
ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നീണ്ട യുദ്ധം തന്നെ ജനാധിപത്യ വിശ്വാസികള്‍ക്ക് നടത്തേണ്ടി വന്നുവെന്നും മോദി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അടിയന്തരാവസ്ഥക്കാലത്തെഴുതിയ കവിതയും അദ്ദേഹം മന്‍ കി ബാത്തില്‍ ഉദ്ധരിച്ചു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 42 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ജനാധിപത്യാവകാശങ്ങള്‍ ഹനിക്കപ്പെട്ട് മിക്ക പ്രതിപക്ഷ നേതാക്കളും അന്ന് ജയിലില്‍ ആയിരുന്നു. ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ പോരാട്ടം നടത്തിയ ബിജെപി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നരഗ യാതനകളാണ് അനുഭവിച്ചതെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
കൂടാതെ മന്‍കി ബാത്തിലൂടെ എല്ലാവര്‍ക്കും ഈദ് ആശംസകളും മോദി നേരാന്‍ മറന്നില്ല. പുണ്യ റംസാന്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സഹനത്തിന്റേയും മഹത്തായ സന്ദേശമാണ് പങ്കുവയ്ക്കുന്നത്. ഇത് എല്ലാവര്‍ക്കും പ്രചോദനമാണെന്നും ഇത്തരത്തിലുളള ആഘോഷങ്ങള്‍ സന്തോഷം പകരുന്നവയാണെന്നും ഇത് രാജ്യത്തെ മുന്നോട്ട് നയികുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
റംസാന്‍ മാസത്തില്‍ സൗജന്യമായി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കൊടുത്ത ഉത്തര്‍പ്രദേശ് ബിജ്‌നോര്‍ ഗ്രാമവാസികള്‍ക്ക് പ്രധാനമന്ത്രി മന്‍കിബാത്തിലൂടെ അഭിനന്ദനം അറിയിച്ചു. ശൗചാല നിര്‍മ്മണത്തിനായി 17 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പണം എടുക്കാതെ സ്വന്തമായി പണം കണ്ടെത്തി ശൗചാലയം നിര്‍മ്മിക്കുകയാണ് ഗ്രാമവാസികള്‍ ചെയ്തതെന്നും മോദി പറഞ്ഞു.
Post Your Comments