21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത് വ്യക്തമായ നിയമലംഘനമാണ് എന്നും അത് ഓഫിസ് ഓഫ് പ്രോഫിറ്റ് നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത് ആം ആദ്‌മി പാർട്ടിക്കും ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കനത്ത തിരിച്ചടിയായി. ഈ എംഎൽഎമാരുടെ നിയമസഭംഗത്വം നഷ്ടമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയാണ്. നേരത്തെ ദൽഹി ഹൈക്കോടതിയാണ് ഇവരുടെ ഇത്തരത്തിലുള്ള നിയമനം ചട്ടങ്ങളുടെ ലംഘനമാണ് എന്ന് വിധിച്ചത്. ആ എല്ലാ എംഎൽഎ മാർക്കെതിരെയും നിയമനുസൃതം നടപടിയെടുക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. അങ്ങിനെയാണ് പ്രശ്നം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയത്. എ എ പി എംഎൽഎമാർ നിയമലംഘനം നടത്തിയതായി ഉത്തരവിറക്കിയത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നസിം സെയ്ദിയാണ്. അധികാര ദുർവിനിയോഗം എങ്ങിനെയും നടത്താമെന്നും അത് ആരും ചോദ്യം ചെയ്യരുതെന്നുമുള്ള കെജ്‌രിവാളിന്റെ നിലപാടാണ് ഇവിടെചോദ്യം ചെയ്യപ്പെടുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി എംഎൽഎ സ്ഥാനം രാജിവെച്ച ജേർണൽ സിംഗിനെ ഇതിൽനിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിട്ടുണ്ട്. അതായത് ഇന്നിപ്പോൾ ഇരുപത് എംഎൽഎമാരാണ് അയോഗ്യരാവുന്ന സ്ഥിയിലെത്തിനിൽക്കുന്നത്.
ഭരണ ഘടനയും നിയമങ്ങളും ലംഘിച്ചുകൊണ്ട് തന്റെ പാർട്ടിയിലെ 21 എം എൽ എമാർക്ക് പ്രത്യേക അധികാരസ്ഥാനങ്ങളും അതിനനുസൃതമായ മറ്റുകാര്യങ്ങളും പതിച്ചു നൽകിയതാണ് പ്രശ്നം. ‘ഓഫീസ് ഓഫ് പ്രോഫിറ്റ്’ എന്ന പ്രശ്നമാണ് ഇവിടെ ഉയരുന്നത്. ഖജനാവിൽ നിന്ന് ശമ്പളവും മറ്റും പറ്റുന്ന എം എൽ എ മാർക്ക് വരുമാനമുള്ള സർക്കാർ വക വേറെ അധികാരസ്ഥാനങ്ങൾ വഹിക്കാൻ പാടില്ല എന്നത് നിയമം അനുശാസിക്കുന്ന കാര്യമാണ്. ദൽഹി നിയമസഭക്കുള്ള അധികാരവും മറ്റും നിശ്ചയിച്ച 1991-ലെ നിയമത്തിൽ ഇക്കാര്യം സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. ഒരു നിയമസഭാംഗം മറ്റേതെങ്കിലും വരുമാനമുള്ള ഉദ്യോഗം വഹിക്കുന്നുവെങ്കിൽ എം എൽ എ സ്ഥാനത്തുനിന്ന് അയോഗ്യരാക്കപ്പെടും എന്നത് നിയമത്തിന്റെ ഭാഗമാണ്. അതൊക്കെ അറിയുന്നവരാണ് ഇത്തരം നിയമനങ്ങൾ നടത്താൻ ഇറങ്ങിപ്പുറപ്പെട്ടത് . ഇതുപോലെ ചില സംസ്ഥാനങ്ങൾ മുൻപ് ചെയ്തത് തലവേദനയും കോടതിയിലെ കേസുമോക്കെയായതുമാണ് . അതൊക്കെ മറന്നുകൊണ്ടാണ് , സ്വന്തംകക്ഷിയിലെ എം എൽ എമാരെ ( അല്ലെങ്കിൽ മന്ത്രി പദ മോഹികളെ) കൂടെ നിർത്താനായി അരവിന്ദ് കേജ്രിവാൾ പ്രത്യേക പദവികൾ സമ്മാനിച്ചത്. അത് സ്വീകരിക്കുകയും ആഹ്ലാദിച്ചു കഴിയുകയും ചെയ്ത 21 എം എൽ എമാർ ഇന്നിപ്പോൾ സഭാംഗത്വം നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്നതാണ് നാം കാണുന്നത്.
ഇന്ത്യയിലെ നിയമമനുസരിച്ച് ഒരു നിയമസഭയിലോ പാർലമെന്റിലോ മൊത്തം അംഗബലത്തിന്റെ 15 ശതമാനം പേരെയെ മന്ത്രിമാരാക്കാൻ കഴിയൂ. ഭരണഘടനയുടെ അനുഛെദം 164 ( 1 എ ) എന്നിവ അനുസരിച്ചാണ് ഈ വ്യവസ്ഥകൾ കൊണ്ടുവന്നത്. 2004 ജനുവരി ഒന്നിനാണ് ഈ ഭരണഘടനാ ഭേദഗതി നടപ്പിലായത്. അതുവരെ ഏതു സർക്കാരിനും എത്രവേണമെങ്കിലും മന്ത്രിമാരെ നിയമിക്കാമായിരുന്നു. മിസോറാം,മേഘാലയ,മണിപ്പൂർ , ഗോവ തുടങ്ങിയ ചെറിയ സംസ്ഥാനങ്ങൾ പോലും അനവധി മന്ത്രിമാരെ നിയമിക്കുന്നത് ഒരു പതിവാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു ഭരണഘടനാ വ്യവസ്ഥ ഉണ്ടാക്കണം എന്ന ചിന്ത ഉടലെടുത്തത്. നമ്മുടെ ഭരണഘടനയുടെ പ്രവർത്തനം അവലോകനം ചെയ്യാനായി നിയുക്തമായ ഉന്നതതല സമിതിയും ഇത്തരമൊരു ശുപാർശ നൽകുകയുണ്ടായി. മുന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എം എൻ വെങ്കടചെല്ലയ്യ ആയിരുന്നുവല്ലോ ആ സമിതിയുടെ അധ്യക്ഷൻ. ആ ഭരണ ഘടന ഭേദഗതി അനുസരിച്ച് ചെറിയ സംസ്ഥാനങ്ങൾക്ക് ഏഴു പേരെയേ പരമാവധി മന്ത്രിമാരാക്കാൻ കഴിയൂ. മിസോറാമിലും ഗോവയിലും 40 എം എൽ എ മാരും, സിക്കിമിൽ 32 എം എൽ എമാരുമാണല്ലോ ഉള്ളത്. അവർക്ക് അല്ലെങ്കിൽ അത്തരം ചെറിയ സംസ്ഥാനങ്ങൾക്ക് അംഗസംഖ്യയുടെ 15 ശതമാനം എന്ന വ്യവസ്ഥ കർശനമാക്കിയാൽ കാര്യങ്ങൾ നടക്കില്ല എന്നത് കണക്കിലെടുത്താണ് മിനിമം പന്ത്രണ്ട് എന്ന വ്യവസ്ഥ ഭരണഘടനയിൽ ഉണ്ടാക്കിയത്. ദൽഹിയിൽ പരമാവധി പന്ത്രണ്ടു പേരെ മന്ത്രിമാരാക്കാനേ കഴിയൂ, മുഖ്യമന്ത്രിയടക്കം. അവിടെയിപ്പോൾ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും മന്ത്രിമാരുമോക്കേയുണ്ട് . അതിനു പിന്നാലെയാണ് കേജ്രിവാൾ 21 പേർക്ക് പാർലമെന്ററി സെക്രട്ടറി എന്ന സ്ഥാനം നൽകിയതും മന്ത്രിമാർക്കുള്ള അവകാശങ്ങളും സൌകര്യങ്ങളും സമ്മാനിച്ചതും. ഒരു വലിയ നഗരസഭയുടെ അധികാരവും പദവിയുമുള്ള ദൽഹിയിലെ കേജ്രിവാൾ ഭരണത്തിൽ ഉള്ളത് 28 മന്ത്രിമാരാണ്, അല്ലെങ്കിൽ മന്ത്രിക്ക് സമാനരായ 28 പേരാണ്. ഇതുപോലൊരു ധൂർത്ത് ലോകത്തെവിടെയെങ്കിലും നടന്നിരിക്കുമോ ?. പാവപ്പെട്ടവരുടെയും അഴിമതി വിരുദ്ധരുടെയും വക്താക്കളായും ഗാന്ധിയനും അഴിമതിവിരുദ്ധ സമര നായകനുമായ അണ്ണാ ഹസാരെയുടെ അവകാശികളായുമൊക്കെ രംഗത്ത് വന്നവരുടെ കഥയാണിത്.
എം എൽ എമാർക്ക് മറ്റു അധികാര സ്ഥാനങ്ങൾ നൽകണമെങ്കിൽ അതിനാവശ്യമായ നിയമം ആവശ്യമാണ്. കേരളത്തിൽ വിഎസ് അച്യുതാനനന്ദൻ ഇന്നിപ്പോൾ ഒരു ചുമതല വഹിക്കുന്നുണ്ട്. അതിനായി നിയമം ഭേദഗതിചെയ്തിരുന്നു. ദൽഹിയിൽ അത്തരമൊരു നിയമമില്ല. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് 2015 മാർച്ച് 13 ന് 21 പേരെ പാർലമെന്ററി സെക്രെട്ടറിമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി കേജ്രിവാൾ പുറത്തിറക്കുന്നത്. അന്ന് എം എൽ എമാരെ അതിൽ നിന്ന് സംരക്ഷിക്കുന്ന നിയമം നിലവിലില്ല എന്നർത്ഥം. പിന്നീട് മുൻകാല പ്രാബല്യത്തോടെ ഒരു നിയമം ദൽഹി നിയമസഭ പാസാക്കുകയും അത് അംഗീകാരത്തിനായി ലെഫ്റ്റനന്റ് ഗവർണർക്ക് അയക്കുകയുംചെയ്തു. മുൻകാല പ്രാബല്യത്തോടെ ഇത്തരം കാര്യങ്ങളിൽ നിയമം പാസാക്കുന്നതുതന്നെ അനൌചിത്യമാണ് . സാധാരണ അവിടത്തെ നിയമങ്ങൾക്ക് അന്തിമാനുമതി നല്കേണ്ടത് രാഷ്ട്രപതിയാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായവുമായാണ് അത് സംബന്ധിച്ച ഫയൽ രാഷ്ട്രപതിക്ക് പോകുക. ഇവിടെ നിയമവശങ്ങളും കോടതിവിധികളുമൊക്കെ കേന്ദ്ര സർക്കാരിന് കാണാതിരിക്കാൻ കഴിയുമോ?. ഭരണഘടന അനുവദിക്കുന്നതിലേറെ പേർക്ക് ഇത്തരത്തിൽ മന്ത്രിക്കു തുല്യമായ പദവി നൽകുന്നതാണ് മുൻപ് കോടതികൾ അംഗീകരിക്കാതിരുന്നത് എന്നത് ഒരു കേന്ദ്ര ഭരണകൂടത്തിന് രാഷ്ട്രപതിയിൽ നിന്ന് മറച്ചുവെക്കാൻ കഴിയില്ലല്ലോ. നമ്മുടെ രാഷ്ട്രപതിയാവട്ടെ അതൊക്കെ നന്നായി അറിയുന്ന പരിണിത പ്രജ്ഞനാണ് എന്നതും മറന്നുകൂടാ. രാഷ്ട്രപതി ആ നിയമം അംഗീകരിച്ചില്ല; അത് മടക്കി.
ഇന്നത്തെ നിലക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഇവരെയെല്ലാം അയോഗ്യരാക്കുക എന്നതുമാത്രമാണ് ഏക പോംവഴി. അധികാരമേറ്റശേഷം ദൽഹിയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം എ എ പി ദയനീയമായി തോറ്റിരുന്നു. ഏറ്റവുമൊടുവിൽ നടന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിലും ദയനീയ തോൽവിയാണു അവർക്ക് നേരിടേണ്ടിവന്നത്. അത്തരമൊരു അവസ്ഥയിൽ 20 നിയമസഭാ സീറ്റിലേക്ക് ഉപ തിരഞ്ഞെടുപ്പ് വരുന്നത് അവർക്ക് ചിന്തിക്കാൻ തന്നെ കഴിയില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് വൈകിപ്പിക്കാനാവുമോ എന്നതുമാത്രമാവും കെജ്‌രിവാളിന്റെ മുന്നിലുള്ള മാർഗം. ഇപ്പോൾ തന്നെ ആഭ്യന്തര കലാപത്തിന് അടിമയായ പാർട്ടിയിൽ ഇത്തരമൊരു അവസ്ഥയുണ്ടാവുക എന്നത് ചിന്തിക്കാനേ കഴിയാത്ത അവസ്ഥയിലാണ് എ എ പി നേതൃത്വം. സുപ്രീംകോടതിയെ സമീപിക്കാൻ കഴിയുമായിരിക്കും. പക്ഷെ രാഷ്‌ട്രപതി നിരാകരിച്ച, തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ നിലപാടെടുത്ത ഒരു വിഷയത്തിൽ സുപ്രീംകോടതിക്ക് തീരുമാനമെടുക്കാൻ ഏറെ സമയം വേണ്ടിവരുമോ എന്നതും സംശയമാണ്.
Post Your Comments