Latest NewsArticleIndiaElection SpecialElection 2019

വീണ്ടും വേണം നരേന്ദ്ര മോഡി ഭരണം പ്രതിപക്ഷത്തെ എങ്ങിനെ വിശ്വസിക്കും ; ഇത് നിർണ്ണായക നിമിഷം, തെറ്റ് പറ്റിയാൽ അടുത്ത തലമുറ നമ്മളെ കുറ്റപ്പെടുത്തും : മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

എന്തൊക്കെയാണ് ഈ ലോകസഭ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവുക, പരിഗണിക്കപ്പെടുക എന്നതാണ് ചർച്ച. ആദ്യ മൂന്ന് ഭാഗങ്ങളിൽ ചൂണ്ടിക്കാട്ടിയത് അഞ്ച്‌ കാര്യങ്ങളാണ്; അത് ഓർമ്മിപ്പിക്കാം. (ഒന്ന്): ശബരിമല പ്രശ്നം എത്രത്തോളം അവഗണിക്കാനാവും. (രണ്ട്‌ ): വിശ്വാസികൾക്കൊപ്പം എന്ന് പറയുന്ന കോൺഗ്രസിന് വിശ്വാസ സമൂഹത്തോട് എങ്ങിനെ നീതി പുലർത്താനാവും; കോൺഗ്രസ് കേന്ദ്ര നേതൃത്വം ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഭക്തസമൂഹത്തോട് ഒപ്പമില്ലാത്ത സാഹചര്യത്തിൽ.

(മൂന്ന്): ശബരിമല പ്രശ്നം ഉയർന്നുവന്നപ്പോൾ പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം ചർച്ചാവിഷയമല്ലാതായി. എന്നാൽ വെള്ളപ്പൊക്ക കെടുതികൾ അനുഭവിച്ച ആയിരങ്ങൾ കേരളത്തിലുണ്ട്; അതും ഇന്നിപ്പോൾ സജീവ ചർച്ചാ വിഷയമാവുകയാണ്. (നാല് ): വോട്ടിങ് യന്ത്രം സംബന്ധിച്ച പ്രതിപക്ഷ പരാതിയാണ് വേറൊന്ന്; തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ വോട്ടിംഗ് യന്ത്രത്തിന്റെ കുഴപ്പം കണ്ടെത്തുന്നവർ വിജയിക്കുമ്പോൾ മിണ്ടാതിരിക്കുന്നത്, ഇക്കാര്യത്തിൽ ആദ്യം മുതലേ കോൺഗ്രസ് സ്വീകരിച്ച ഇരട്ടത്താപ്പുമാണ് ചൂണ്ടിക്കാണിച്ചത്. (അഞ്ച്‌ ): നരേന്ദ്ര മോഡി സർക്കാർ ജനങ്ങൾക്കായി ചെയ്ത നല്ല കാര്യങ്ങളും തീർച്ചയായും തിരഞ്ഞെടുപ്പ് വിഷയമാകുമല്ലോ; എന്തുകൊണ്ട് ഇത്തവണ ബിജെപിക്ക്, നരേന്ദ്ര മോദിക്ക്, വോട്ട് ചെയ്യണം എന്നതാണ് അടുത്തതായി വിശകലനം ചെയ്തത്. ( ആറ് ): ദേശ സുരക്ഷയുടെ കാര്യത്തിലും വിദേശ നയത്തിലും മോഡി സർക്കാർ കാണിച്ച ആത്മാർഥതയാണ് ഇന്നലെ വിശകലനം ചെയ്‌തത്‌. ദേശ സുരക്ഷാ ഈ തിരഞ്ഞെടുപ്പിൽ പ്രധാനവിഷയമായി മാറിയതും ചൂണ്ടിക്കാണിക്കപ്പെട്ടു. .

bjp

ഇന്നത്തെ കൊണ്ട് ഈ ലേഖന പരമ്പര അവസാനിക്കുകയാണ്. ‘പ്രതിപക്ഷത്ത് ആരാണുള്ളത്’ എന്നതാണ് ഇവിടെ പരിശോധിക്കുന്നത്. ഒരു ബാലറ്റ് പോരാട്ടത്തിൽ സർക്കാരിന്റെ വാദഗതി മാത്രം കണക്കിലെടുത്താൽ പോരാ, ആരാണ് പ്രതിപക്ഷത്തുള്ളത് എന്നതും പരിശോധിക്കപ്പെടണം. ഭരണപക്ഷം എന്തൊക്കെ ചെയ്താലും അതിനെ എതിരിടാൻ പ്രതിപക്ഷമുണ്ടാവുന്നത് സ്വാഭാവികമാണല്ലോ. ആരാണവർ?തനിച്ചുനിന്നാൽ അടിത്തറ തോണ്ടിപ്പോകും എന്ന് ഉറപ്പുള്ളവരാണ് ഇന്ന് പ്രതിപക്ഷത്തുള്ളത്. അതുകൊണ്ട് ഏത് വിധേനയും ഒരുവിധം കൂട്ടുകെട്ടുണ്ടാക്കി മത്സരിക്കാനാണ് ശ്രമം. ‘മഹാ ഗദ്‌ബന്ധൻ’ ഉണ്ടാക്കി എന്നും അവർ ഒന്നിച്ചാണ് എന്നും ബിജെപിക്ക് എതിരാണ് എന്നുമൊക്കെ പ്രസ്താവിക്കുന്നുണ്ട്. ചിലയിടങ്ങളിൽ അവർ കൈകോർത്ത് നിൽക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ കാണുന്നുമുണ്ട്. പക്ഷെ അവർക്കാർക്കും ഇപ്പോൾ പോലും ഒന്നിച്ചു മത്സരിക്കാൻ കഴിയുന്നില്ല. ആർക്കാണോ കൂടുതൽ സ്വാധീനം അവർ അവിടെ എല്ലായിടത്തും മത്സരിക്കുന്നു. കോൺഗ്രസിന് യു.പിയിൽ ഈ മഹാഗദ്‌ബന്ധൻ നൽകിയത് രണ്ടേരണ്ട്‍ സീറ്റാണ്; അവരിപ്പോൾ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസാണ് പ്രധാന കക്ഷി; അവർ സിപിഎമ്മിനെയോ കോൺഗ്രസിനെയോ അടുപ്പിക്കുന്നില്ല. ഡൽഹിയിലെ കാര്യവും ഭിന്നമല്ല; അവിടെ ആം ആദ്‌മി പാർട്ടി ആദ്യമേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ഒരെണ്ണം കോൺഗ്രസിന് മാറ്റിവെച്ചു; അതിനുശേഷം കോൺഗ്രസുകാർ കാലുപിടിച്ചു നടന്നു; എന്നാൽ ചർച്ചകൾ എവിടെയുമെത്തിയില്ല. ഇപ്പോൾ കോൺഗ്രസ് ഏഴു സീറ്റുകളിലും മത്സരിക്കാൻ പദ്ധതിയിട്ടിരിക്കുന്നു….. തമിഴ്‌നാട്ടിൽ ചെന്നാലോ, നാണം കെട്ടുന്നവിധത്തിലാണ് കോൺഗ്രസുകാർ പെരുമാറുന്നത്; സിപിഎമ്മിന് വോട്ട് പിടിക്കാൻ രാഹുൽ ഗാന്ധി പറന്നുവരുന്നു; യെച്ചൂരിയും മറ്റും കോൺഗ്രസിന് വേണ്ടി വോട്ട് തേടുന്നു. കേരളം വിട്ട് കടന്നാൽ കാണുന്നത് കോൺഗ്രസ്- സിപിഎം ബാന്ധവത്തിന്റെ പോസ്റ്ററുകളല്ലേ?. കന്യാകുമാരിയിലെ കോയമ്പത്തൂരും, മധുരയിലുമൊക്കെ എന്താ ചിത്രം?.

ഇങ്ങനെ തമ്മിലടിച്ചുകൊണ്ടും കൈകോർത്തും നീങ്ങുന്ന സഖ്യകക്ഷികൾ. ഒരു ധാർമ്മികതയോ ആത്മാർഥതയോ അതിലില്ല. അതിലേറെ രസകരം, അവരുടെ നേതാക്കളൊക്കെ പ്രധാനമന്ത്രി കസേര സ്വപ്നം കാണുകയും ചെയ്യുന്നു എന്നതാണ് . വന്ദ്യ വയോധികരായ ദേവ ഗൗഡ, ശരദ് പവാർ മുതൽ മമത ബാനർജി, ചന്ദ്ര ബാബു നായിഡു വരെയുള്ളവർ സ്വപ്നം കാണുന്നത് ആ കസേരതന്നെയാണ്; അവർക്ക് പിന്നിലായി ഇത് തന്റെ കുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണ് എന്ന് ചിന്തിക്കുന്ന രാഹുൽ ഗാന്ധിയും പരിവാരവും. അത്തരമൊരു കൂട്ടുകെട്ട് എങ്ങിനെയെങ്കിലും അധികാരത്തിലേറിയാൽ ഇന്ത്യയുടെ അവസ്ഥ,ഭാവി എന്താവും എന്ന് ആലോചിക്കേണ്ടതുണ്ടല്ലോ. ഭാഗ്യവശാൽ അധികാരത്തിലേറുന്നത് പോട്ടെ, ഇന്നിപ്പോൾ ഉണ്ടായിരുന്നിടത്തോളം എംപിമാർ പുതിയ ലോകസഭയിൽ അവർക്ക് ഉണ്ടാവുമോ എന്നതാണ് പ്രചാരണത്തിന് ശക്തികൂടുമ്പോൾ കാണുന്ന ചിത്രം.

മോഡി സർക്കാരിനെതിരെ ഉയർന്ന ഏക ആക്ഷേപം റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ചാണ്. രണ്ട്‌ രാജ്യങ്ങൾ തമ്മിലെ ഇടപാടായിരുന്നു അത്. സുതാര്യമായിരുന്നു അതെന്നത് സുപ്രീം കോടതിയും സിഎജിയും കണ്ടെത്തിക്കഴിഞ്ഞതാണ്. എന്നാൽ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും അത് അഴിമതിയാണ് എന്ന് പറഞ്ഞെ തീരൂ. എന്തുകൊണ്ടാണ് അങ്ങിനെ രാഹുൽ പറയുന്നത് എന്നത് അടുത്തദിവസം കോൺഗ്രസിൽ നിന്ന് രാജിവെച്ചുവന്നവർ വ്യക്തമാക്കിയിട്ടുണ്ട്……. അത് അഴിമതിയാണ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കാനാണ് കോൺഗ്രസ് പാർട്ടി തീരുമാനിച്ചതത്രെ. അതങ്ങിനെ പറയാൻ രാഹുൽ എല്ലാവരോടും നിർദ്ദേശിക്കുകയും ചെയ്തു എന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. അവർ നടത്തിയ വലിയ ഒരു കള്ളക്കളിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഴിമതിയിൽ കുളിച്ചവർ മറ്റുള്ളവരെ ആക്ഷേപിക്കുകയാണ്…. അങ്ങിനെ മാത്രം അതിനെ കണ്ടാൽ മതി. സുപ്രീം കോടതി വിധി പോലും അതിനായി അദ്ദേഹം വളച്ചൊടിച്ചു; ഇപ്പോൾ കോടതി അലക്ഷ്യ നടപടിയെക്കുറിച്ചു കോടതി ചിന്തിച്ചിരിക്കുന്നു. യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്. ലജ്ജാകരം എന്നല്ലേ ഇതിനെ വിശേഷിപ്പിക്കാനാവൂ……. ആലോചിച്ചു നോക്കൂ, സാമാന്യമായിട്ട്.

ഇനി മറ്റൊന്ന് ആരാണ് ഈ പ്രതിപക്ഷ കക്ഷി നേതാക്കൾ ……… അഴിമതിയിൽ മുങ്ങിക്കുളിച്ചവർ; കോടതി കാണിക്കുന്ന ഔദാര്യം കൊണ്ട് മാത്രം പുറത്തിറങ്ങി നടക്കുന്നവർ. വഞ്ചന, തട്ടിപ്പ്, സംശയാസ്പദമായ വിദേശ പണമിടപാടുകൾ, കള്ളപ്പണ ഇടപാട്, വസ്തു കച്ചവടത്തിൽ നടത്തിയ തട്ടിപ്പുകൾ, ആദായ നികുതി റിട്ടേണിൽ പോലും കള്ളത്തരം കാണിച്ചവരും , പിടിക്കപ്പെട്ടവരും ; പിന്നെ റിട്ടേൺ തന്നെ സമർപ്പിക്കാത്തവർ…… സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര , റോബർട്ട് വാദ്ര, പി ചിദംബരം, അദ്ദേഹത്തിന്റെ കുടുംബം, അഹമ്മദ് പട്ടേൽ, മോത്തിലാൽ വോറ …..കമൽനാഥ്‌ …അങ്ങിനെ ആ പട്ടിക അത്ര വലുതാണ്. കമൽനാഥ്‌ ഇപ്പോൾ കുട്ടികൾക്കും ഗർഭിണികൾക്കും ഭക്ഷണത്തിന് നീക്കിവെച്ചത് പോലും കോൺഗ്രസ് ഫണ്ടിലേക്ക് വകമാറ്റി; ആ പണം മധ്യപ്രദേശിൽ നിന്ന് ഹവാലായി അയച്ചതാവട്ടെ എത്തിച്ചേർന്നത് തുഗ്ലക് റോഡിലെ നേതാവിന്റെ വസതിയിലും. ആരാണ് ആ നേതാവ് എന്നത് പറയേണ്ടതില്ലല്ലോ. അതിന്റെയൊക്കെ തെളിവുകൾ സർക്കാരിന്റെ, ആദായനികുതി വകുപ്പിന്റെ, പക്കലുണ്ട്.

മമത ബാനർജിയുടെ കൂട്ടാളികൾ ഉൾപ്പെട്ട തട്ടിപ്പുകൾ സിബിഐ അന്വേഷിച്ചത് സുപ്രീം കോടതി പറഞ്ഞിട്ടാണ്. അന്ന് അന്വേഷണം ആവശ്യപ്പെട്ടത് സിപിഎമ്മും കോൺഗ്രസും. ഇപ്പോൾ അവർ ഒന്നാവുന്നു, എന്നിട്ട് അന്വേഷണം നടത്തുന്ന സിബിഐ ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നു, ബിജെപി സർക്കാരിന്റെ ഉദ്യോഗസ്ഥൻറെ വേട്ടയാടുന്നു. ആയുധ ദല്ലാൾമാർ, കള്ളപ്പണക്കാർ, തട്ടിപ്പുകാർ എന്നിവരൊക്കെയാണ് ഈ ബംഗാൾ ടീമിന്റെ കൂട്ടാളികൾ. രാജ്യ സുരക്ഷയുടെ കാര്യത്തിൽ ഇപ്പോഴത്തെ പ്രതിപക്ഷത്തെ എത്രത്തോളം വിശ്വസിക്കാൻ കഴിയും?. പാക്കിസ്ഥാന് വേണ്ടി സംസാരിക്കുന്നത് പോലെ പെരുമാറിയവരും പ്രസ്താവനകൾ നടത്തിയവരും ; അവരെ രാജ്യം കണ്ടതല്ലേ….. ഈ അഴിമതിയുടെ ദല്ലാളന്മാരെ വേണോ, ദേശ സുരക്ഷയിൽ വിട്ടുവീഴ്ചചെയ്യുന്ന കൂട്ടരേ വേണോ രാജ്യം ഏല്പിക്കേണ്ടത്, അതോ അഞ്ചുവർഷം ഭരിച്ചിട്ടും ഒരു അഴിമതിയും ആക്ഷേപവും കേട്ടിട്ടില്ലാത്ത ഒരു സർക്കാരിന് തുടർ ഭരണത്തിന് അവകാശം നൽകണോ ?. ഇത് കുതിച്ചുചാട്ടത്തിനുള്ള സമയമാണ്, ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം. അത് സാധ്യമാവണമെങ്കിൽ മോഡി തിരികെ വരണം എന്ന് കരുതുന്നവർ സമ്പദ് മേഖലയിലുണ്ട് എന്നതോർക്കുക. അവർ ചിന്തിക്കുന്നത് ഭാവാത്മകമായിട്ടാണ്. അതിനൊപ്പം ഇന്ത്യൻ ജനത നിൽക്കുകയല്ലേ വേണ്ടത്. നിർണ്ണായക തീരുമാനം എടുക്കേണ്ട സമയമാണിത്. ഇവിടെ പാളിച്ച സംഭവിച്ചാൽ നാം ചെയ്യുന്നത് നമ്മുടെ അടുത്ത തലമുറയോട് പാതകം ചെയ്യലായി ചിത്രീകരിക്കപ്പെട്ടു കൂടായ്കയില്ല. അത് ഓരോ സമ്മതിദായകരും ഓർക്കേണ്ടതുണ്ട്. വേണം വീണ്ടുമൊരു ദേശഭക്തന്റെ ഭരണം, അതെ വീണ്ടും വേണ്ടത് മോഡി ഭരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button