KeralaLatest NewsArticle

ബാങ്കുകള്‍ നിലപാട് വ്യക്തമാക്കുമ്പോള്‍ സംസ്ഥാന മന്ത്രിമാര്‍ കൊഞ്ഞനം കുത്തുകയോ ? കേരള സര്‍ക്കാരിന്റെ പരാജയത്തിന് ബാങ്കുകളെ കുറ്റപ്പെടുത്തല്ലേ

കേരളത്തിലെ ബാങ്കുകള്‍ നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിനെതിരെ സംസ്ഥാനത്തെ ചില മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി പുറപ്പെടുവിച്ച പരസ്യവും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. സാധാരണ നിലക്ക് അത്യാവശ്യ ഘട്ടങ്ങളിലെ ഒരു സംസ്ഥാനത്ത് അല്ലെങ്കില്‍ നിശ്ചിത പ്രദേശത്ത് വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്താറുള്ളു. അതിന് വ്യക്തമായ വ്യവസ്ഥകളുണ്ട്. പ്രകൃതി ക്ഷോഭം, വരള്‍ച്ച അല്ലെങ്കില്‍ സമാനമായ സാഹചര്യങ്ങള്‍ …… ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടത് റിസര്‍വ് ബാങ്ക് ആണുതാനും. ഇപ്പോഴത്തെ പ്രശ്‌നം, കേരളത്തില്‍ കഴിഞ്ഞ വര്ഷം ആഗസ്റ്റില്‍ ബാങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്ന്, ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിക്കൊണ്ട്, സംസ്ഥാനത്തെ കുറെ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തി. അത് അന്ന് കേരളത്തിലുണ്ടായ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ്. അത് ആര്‍ബിഐയും അംഗീകരിച്ചിരുന്നു. എന്നാല്‍ ആ മൊറൊട്ടോറിയതിന് പരിധി ഉണ്ടായിരുന്നു. അത് കഴിഞ്ഞാല്‍ പിന്നെ ബാങ്കുകള്‍ക്ക് മുന്നില്‍ വേറെന്താണ് മാര്‍ഗം; നിയമം നിയമത്തിന്റെ വഴിയേ പോയില്ലേ തീരൂ.

ഈ പശ്ചാത്തലത്തിലാവണം, ബാങ്കേഴ്‌സ് സമിതി പത്രത്തില്‍ വിശദമായ പരസ്യം കൊടുത്തത്. മൊറൊട്ടോറിയം അവസാനിച്ചു; അത് ദീര്‍ഘിപ്പിക്കാന്‍ ആര്‍ബിഐ അനുമതിയില്ല. അതുകൊണ്ട് ബാങ്കുകള്‍ വായ്പ ഈടാക്കാന്‍ നടപടികള്‍ ഉടനെ തുടങ്ങും; അതുമായി എല്ലാവരും സഹകരിക്കണം. എന്താണ് നാട്ടിലുള്ള നിയമങ്ങള്‍, എന്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് എന്നിവയൊക്കെ ആ പരസ്യത്തിലുണ്ട്. അത് ബാങ്കുകള്‍ ചെയ്യേണ്ട കാര്യമാണ്, അവരുടെ ചുമതലയാണ്. വേറൊന്ന്, ചൊവ്വാഴ്ച സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗം സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അവിടെ വെച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാനിടയുണ്ട് എന്ന തോന്നലും ഇത്തരമൊരു പരസ്യം മുന്‍കൂറായി നല്‍കുന്നതിന് കാരണമാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

ഇതിന് ഞാന്‍ കാണുന്ന കാരണം, സംസ്ഥാനത്തെ ചില മന്ത്രിമാര്‍ നടത്തിയ പരസ്യ പ്രസ്താവനകളാണ്; ‘ ബാങ്കുകള്‍ മൊറൊട്ടോറിയം തുടരണം, അല്ലെങ്കില്‍ ഞങ്ങള്‍ കാണിച്ചുതരാം………’ എന്നൊക്കെയാണല്ലോ ചിലര്‍ പറഞ്ഞത് . ഇതൊക്കെ വിവരക്കേടാണ്, ബാലിശമാണ് എന്നത് പറയേണ്ടതില്ലല്ലോ. ഇവിടെ ബാങ്കേഴ്‌സ് സമിതിക്ക് സ്വന്തം നിലക്ക് ഒന്നും തീരുമാനിക്കാനാവില്ല. ബാങ്ക് മാനേജ്‌മെന്റുകളുടെ കാര്യവും അതുതന്നെയാണ്. ആര്‍ബിഐ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനേ അവര്ക്കാവൂ എന്നര്‍ത്ഥം. അത് അറിയാത്തവരല്ല ഈ മന്ത്രിമാര്‍. അവര്‍ ചെയ്യേണ്ടിയിരുന്നത് എന്താണ്?. കേരളത്തിന് അങ്ങിനെ ഒരു പ്രശ്‌നമുണ്ടെങ്കില്‍ ആര്‍ബിഐ -യുമായി ബന്ധപ്പെടണമായിരുന്നു. അവര്‍ക്ക് നിവേദനം കൊടുക്കണം. എന്നാല്‍ പോലും ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാന്‍ അവര്‍ക്കാവുമോ എന്നത് സംശയമാണ്. മൊറൊട്ടോറിയം തീരുന്നതിന് വളരെ മുന്‍പേ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്ന കാര്യമാണിത്. കാര്‍ഷിക- ധന മന്ത്രിമാര്‍ ഇതുവരെ എവിടെയായിരുന്നു?. ഇനിയിപ്പോള്‍ ബാങ്ക് മാനേജര്‍മാരെ കുറ്റം പറഞ്ഞുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും അവര്‍ക്ക് നാടുനീളെ നടക്കാം. വേണമെങ്കില്‍ സിപിഎമ്മിന് ആര്‍ബിഐ ആസ്ഥാനത്തേക്ക് ഒരു മാര്‍ച്ചും സംഘടിപ്പിക്കാം. പണ്ട് നോട്ട് നിരോധനം ഉണ്ടായപ്പോള്‍ മന്ത്രിമാരടക്കം ആര്‍ബിഐ ആസ്ഥാനത്തിന്റെ വേലിക്ക് പുറത്ത് കുത്തിയിരുന്നത് ഓര്‍മ്മയുണ്ട്. പക്ഷെ ഇവിടെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യണ്ടേ?.

വായ്പ എടുത്തവര്‍ തിരിച്ചടക്കാതാവുമ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് ബാങ്കേഴ്‌സ് സമിതി അവരുടെ ഇന്നത്തെ പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘സര്‍ഫാസി’ നിയമമടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇതിനെതിരെ മന്ത്രിമാര്‍ ഇന്നിപ്പോള്‍ കരഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ?. ‘സര്‍ഫാസി’ നിയമം നിലവില്‍ വന്നത് 2002- ലാണ്. 2004 മുതല്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഒക്കെ ഉള്‍പ്പെടുന്ന ഒരു ഭരണ സംവിധാനമായിരുന്നില്ലേ രാജ്യം ഭരിച്ചത് ….. ഒരു ദശാബ്ദക്കാലത്ത്. അന്നെന്താ അത് റദ്ദാക്കാതിരുന്നേ. അന്നും ആ നിയമം ഇന്നാട്ടില്‍ പ്രയോജനപ്പെടുത്തിയല്ലോ. അന്ന് സിപിഎം മിണ്ടിയോ, അതിനെതിരെ?. ഒരു ലക്ഷം രൂപയിലേറെ വായ്പ എടുത്തവര്‍ തിരിച്ചടക്കാതിരുന്നാല്‍, അത് നിഷ്‌ക്രിയ ആസ്തിയായി മാറിയാല്‍, ബാങ്ക് നിശ്ചയിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥന് തന്നെ ഈടായി നല്‍കിയ വസ്തുക്കള്‍ ഏറ്റെടുക്കാന്‍ നല്‍കുന്ന അധികാരമാണിത്. അതനുസരിച്ച് ഏറ്റെടുക്കുന്ന വസ്തുക്കള്‍ വില്‍ക്കാനും അതിലൂടെ കിട്ടുന്ന പണം മുതല്‍ക്കൂട്ടാനും ബാങ്കുകള്‍ക്ക് അധികാരമുണ്ട്. കഴിഞ്ഞ 17 വര്ഷമായുള്ള നിയമത്തിനെതിരെ ഇപ്പോള്‍ ഇടതു നേതാക്കള്‍ ബഹളം വെക്കുന്നത് വെറും കാപട്യമാണ്, രാഷ്ട്രീയമാണ്.

ഇവിടെ പ്രകൃതി ക്ഷോഭമുണ്ടായി; വേറെ പല പ്രശ്‌നങ്ങളും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഉണ്ടായി; കച്ചവടക്കാര്‍ക്ക് പ്രയാസമുണ്ടാക്കി …….. ഇതൊക്കെയാണ് സംസ്ഥാനത്തെ ഭരണ കക്ഷിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. അതൊക്കെ ശരിയായാണ് എന്നുതന്നെ വെക്കുക. അതിനാണ് കഴിഞ്ഞ ആഗസ്തില്‍ മൊറൊട്ടോറിയം പ്രഖ്യാപിച്ചത്. അതിനൊരു കാലപരിധി ഉണ്ട്; അതിനകം അതുമൂലമുള്ള പ്രശനങ്ങള്‍ പരിഹരിക്കേണ്ട ചുമതല അന്നേ സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നുവല്ലോ. പ്രകൃതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഈ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു എന്ന് ബോധ്യപ്പെടുത്തുന്ന വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരുന്നുണ്ട്. ചില ചാനലുകള്‍ പരമ്പര തന്നെ ചെയ്യുന്നു. സര്‍ക്കാരിന്റെ പരാജയമല്ലേ അതിലൂടെ വെളിച്ചം കാണുന്നത് …… ഇനി തങ്ങള്‍ ഭരണരംഗത്ത് പരാജയപ്പെട്ടു; അതുകൊണ്ട് മൊറൊട്ടോറിയം അനിശ്ചിതമായി നീട്ടണം എന്ന് പറയാന്‍, ആവശ്യപ്പെടാന്‍, ഒരു ഭരണകൂടത്തിന് കഴിയുമോ? ഇനി അങ്ങിനെ ഒരു ആവശ്യം ഉയര്‍ന്നാല്‍ അത് അംഗീകരിക്കാന്‍ ആര്ബിഐക്ക് കഴിയുമോ? എനിക്ക് തോന്നുന്നില്ല, അതൊക്കെ സാധ്യമാവുമെന്ന്; കാരണം നിയമം നിയമമാണല്ലോ. യഥാര്‍ഥത്തില്‍ ‘കടം ഇനി ഒരിക്കലും തിരിച്ചടക്കണ്ട ‘ എന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാരും ഭരണകക്ഷിക്കാരും ജനങ്ങളെ കബളിപ്പിച്ചു. ഇന്നിപ്പോള്‍ കടമെടുത്തവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ ബാങ്കുകള്‍ തുടങ്ങുമ്പോള്‍ സര്‍ക്കാരാണ് പ്രതിക്കൂട്ടിലാവുക. ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാരിന്, സ്വാഭാവികമായും, ഇത് വലിയ പ്രതിസന്ധി തന്നെയാണ് ഉണ്ടാക്കുക. ആ ബേജാറാണ് ഇപ്പോള്‍ പലരും പ്രകടിപ്പിക്കുന്നത്. ഇവിടെ മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടുന്ന ഒന്നുണ്ട്; എന്തുകൊണ്ടാണ് ഈ രണ്ടു മന്ത്രാലയങ്ങള്‍ നേരത്തെ ഇക്കാര്യം ചൂണ്ടിക്കാണിക്കാതിരുന്നത്; എന്തുകൊണ്ടാണ് അവര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നത്?.

shortlink

Related Articles

Post Your Comments

Related Articles


Back to top button