Latest NewsNewsDevotional

മാനവികതയുടെ സ്നേഹസ്പർശവുമായി ഈദ് നല്‍കുന്ന സന്ദേശം

വിശുദ്ധ റമദാനിലെ ആത്മീയ നിര്‍വൃതി ഉള്‍ക്കൊണ്ടു സത്യവിശ്വാസികള്‍ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒരു മാസകാലത്തെ വ്രതംകൊണ്ട് സ്പുടം ചെയ്തെടുത്ത മനസ്സും ശരീരവും ആത്മീയ ചൈതന്യം കെടാതെ സൂക്ഷിക്കാനും മനുഷ്യ മനസ്സുകൾ­ക്കിടയിൽ സ്നേഹത്തിൻറെയും സാഹോദര്യത്തിൻറെയും ഊഷ്മള ബന്ധം ശക്തിപ്പെടുത്താൻ വേണ്ടിയുള്ള പ്രതിജ്ഞ ചെയ്യാനുള്ള സുരഭില സന്ദേശമായി­ട്ടാണ് ചെറിയ പെരുന്നാളിനെ വിശ്വാസികൾ നോക്കിക്കാണുന്നത്.

പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം പുണ്യമുള്ള അമലുകള്‍ ചെയ്യുന്നതിലൂടെയും ആത്മീയ ധന്യതയുടെ ദിനമായി ആചരിക്കുന്നതിലൂടെയുമാണു മുസ്ലിങ്ങളുടെ അകം നിറയുന്നത്‌. അന്നത്തെ ദിവസം ഒരാളും പട്ടിണി കി­ടക്കാൻ പാടില്ല എന്നത് കൊണ്ട് അതാതു പ്രദേശത്തെ പ്രധാന ധാന്യവസ്തുക്കളെ കണക്കനുസരിച്ചു ഫിത്ത്ർ സക്കാത്ത് നൽകി പ്രമാണിയും പണക്കാരനും പാവപ്പെട്ടവനും വയറു നിറയെ ഭക്ഷണം കഴിക്കട്ടെ എന്നതാണ് ചെറിയ പെരുന്നാൾ ലോകത്തോട്‌ വിളിച്ചു പറയുന്ന വലിയ സന്ദേശം.ഫിത്ത്ർ സകാത്ത് അർഹതപെട്ടവർക്ക് വിതരണം ചെയ്യാത്ത പക്ഷം അവൻറെ നോമ്പ് പരിപൂർണ്ണമാവില്ല എന്നാണ് ഇസ്ലാമിന്റെ തത്വം.

പെരുന്നാള്‍ ദിനത്തില്‍ ചെയേ്േണ്ട കര്‍മങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. പതിവിലും നേരത്തെ എഴുന്നേറ്റ്‌ കുളിച്ചൊരുങ്ങേണ്ടതുണ്ട്‌. ഇസ്ലാമിക സംസ്‌കാരം വിളിച്ചോതുന്ന പുതുവസ്‌ത്രങ്ങളണിയുകയും വേണം. സുഗന്ധം ഉപയോഗിക്കല്‍ പ്രത്യേകം സുന്നത്താണ്‌. ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന്‌ പോകുന്നതിനു മുമ്പായി അല്‍പ്പം ഭക്ഷണം കഴിക്കുന്നതും പ്രവാചക ചര്യയാണ്‌.അല്ലാഹുവിന്റെ അപദാനങ്ങള്‍ വാഴ്‌ത്തി ഹൃദയം കൊണ്ടാകണം തക്‌ബീര്‍ ചൊല്ലേണ്ടത്‌.

പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരത്തിന്‌ വേണ്ടി നേരത്തെ എത്തണം. വിശ്വാസികള്‍ തമ്മില്‍ ഹസ്‌തദാനം ചെയ്‌ത്‌, ആശ്ലേഷിച്ച്‌ സ്‌നേഹം പങ്കിടാനും കൂടിയുള്ള സുദിനമാണ്‌ ഈദ്‌. പരസ്‌പരം വിട്ടുവീഴ്‌ച ചെയ്‌ത്‌, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം കൈമാറിയാകണം പെരുന്നാള്‍ ദിനം ചെലവഴിക്കേണ്ടത്‌. ശിഥിലമായി കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ­ ശക്തിപ്പെടുത്താനുളള വലിയൊരു സന്ദേശവും ഈ ­പെരുന്നാൾ നൽകുകയാണ്. പെരുന്നാൾ ദിവസം കുടുംബങ്ങളുടെ വീടുകൾ സന്ദർശനം നടത്തി അവരുടെ ആ­ഥിതേയത്വം സ്വീകരിക്കൽ വളരെ പുണ്യമുള്ള കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button