KeralaLatest NewsNews

കോടികളുടെ കള്ളനോട്ടുകള്‍ : അച്ചടിച്ചത് ചൈനീസ് പ്രിന്റര്‍ ഉപയോഗിച്ച് : പിടിയിലായവരില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക തെളിവ്

 

തൊടുപുഴ:   കള്ളനോട്ടുകള്‍ അച്ചടിച്ചത് ചൈനീസ് പ്രിന്റര്‍ ഉപയോഗിച്ച്. പിടിയിലായവരില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. വണ്ടിപ്പെരിയാര്‍ കേസില്‍ പിടിയിലായവരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. കള്ളനോട്ട് സംഘം കറന്‍സികള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന ചൈനീസ് നിര്‍മ്മിത അത്യാധുനിക പ്രിന്ററും അനുബന്ധ ഉപകരണങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു. വണ്ടിപ്പെരിയാറില്‍ ദമ്പതിമാരില്‍നിന്ന് പുതിയ 500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ പ്രധാന പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങള്‍ കണ്ടെത്തിയത്.

ഇവരുടെ ബെംഗളൂരുവിലെയും സെക്കന്തരാബാദിലെയും രഹസ്യസങ്കേതങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പ്രിന്ററുകള്‍, മൂന്ന് ഇസ്തിരിപ്പെട്ടികള്‍, ഒരു സ്‌കാനര്‍, 38 കെട്ട് ജി.എസ്.എം. പേപ്പറുകള്‍, കുറച്ച് വ്യാജ കറന്‍സികള്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്. 42 ലക്ഷം രൂപയുടെ പുതിയ 500ന്റെ വ്യാജ കറന്‍സി കടലാസ് ഇതിലുണ്ട്. എന്നാല്‍, സംഘം 500ന്റെ രണ്ടുകോടി രൂപയുടെ വ്യാജനോട്ടുകള്‍ അച്ചടിച്ചിറക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു. 200 കോടി രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് പുറത്തിറക്കാനായിരുന്നു ഇവരുടെ നീക്കം.

കേസില്‍ ഇതുവരെ 10 പ്രതികളാണ് പോലീസിന്റെ വലയിലായിരിക്കുന്നത്. മെയ് എട്ടിനാണ് 500 രൂപയുടെ 77 കള്ളനോട്ടുകളുമായി നെടുങ്കണ്ടം തുണ്ടിയില്‍ വീട്ടില്‍ ജോജോ ജോസഫും ഭാര്യ അനുപമയും വണ്ടിപ്പെരിയാറില്‍ പിടിയിലാകുന്നത്. തുടര്‍ന്ന് ഇവരുടെ എറണാകുളത്തെ ഫ്‌ളാറ്റില്‍നിന്ന് 4.07 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തി. തുടര്‍ന്ന് ജോജോയുടെ പേരില്‍ യു.എ.പി.എ. ചുമത്തുകയും കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്‍.ഐ.എ. ഉള്‍െപ്പടെയുള്ള ഏജന്‍സികളും അന്വേഷണത്തില്‍ ഭാഗമായി.മേയ് 21ന് ഇവരുടെ കൂട്ടുപ്രതികളായ തമിഴ്‌നാട് സ്വദേശികലായ അയ്യരുദാസ്, ഷണ്‍മുഖസുന്ദരം എന്നിവര്‍ അറസ്റ്റിലായി.

തമിഴ്‌നാട്ടുകാരനായ രാജുഭായിയാണ് ഇവര്‍ക്ക് കള്ളനോട്ട് എത്തിച്ചുനല്‍കിയതെന്ന് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രധാനപ്രതി നെടുങ്കണ്ടം മൈനര്‍ സിറ്റി ഭാഗത്തെ കിഴക്കേതില്‍ വീട്ടില്‍ സുനില്‍ കുമാര്‍, തമിഴ്‌നാട് സ്വദേശി രാജുഭായ് എന്നുവിളിക്കുന്ന അന്‍പ് സെല്‍വം, ഉടുമ്പഞ്ചാല താലൂക്കില്‍ അണക്കര വില്ലേജില്‍ കടിയന്‍കുന്നില്‍ വീട്ടില്‍ രവീന്ദ്രന്‍, ചാവക്കാട് താലൂക്കില്‍ പുന്നയൂര്‍ വില്ലേജില്‍ മൊയ്ദീന്‍പള്ളി ബീച്ച് ഭാഗത്ത് ഷിഹാബുദ്ദീന്‍, കരുനാഗപ്പള്ളി താലൂക്കില്‍ ആദിനാട് വില്ലേജില്‍ അമ്പാടിയില്‍ വീട്ടില്‍ കൃഷ്ണകുമാര്‍ എന്നിവരെ പിടികൂടി. ഇതിന് ശേഷം േമയ് 16നാണ് മറ്റൊരു പ്രതിയായ ചാവക്കാട് സ്വദേശി അഫ്‌സറിനെ പിടികൂടുന്നത്. ഇയാളില്‍നിന്നാണ് രഹസ്യസങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഇവിടെ പരിശോധന നടത്തിയപ്പോള്‍ ഉപകരണങ്ങളോടൊപ്പം പ്രിന്റിങ് പൂര്‍ത്തിയാക്കാത്ത വ്യാജ കറന്‍സികളും കണ്ടെടുത്തിട്ടുണ്ട്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button