കൊല്ലം: കൊട്ടാരക്കര, നെടുവത്തൂർ പ്രദേശങ്ങളിലുള്ള വിവിധ കടകളിൽ 100 രൂപയുടെ കള്ളനോട്ടുകൾ കൈമാറ്റം ചെയ്ത് സാധനങ്ങൾ വാങ്ങിയ കേസിൽ ദമ്പതികൾക്ക് എട്ട് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വർക്കല കണ്ണമ്പ ശ്യാമ നിവാസിൽ ജയകുമാറിനെയും (56), ഭാര്യ വർക്കല ശ്യാമനിവാസിൽ ശ്യാമയെയുമാണ് (39) കോടതി ശിക്ഷിച്ചത്. കള്ളനോട്ട് കൈവശം വെച്ചതിനും വിനിമയം നടത്തിയതിനും കൊല്ലം ജില്ല അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്.
2005 ഏപ്രിൽ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളുടെ പക്കൽ നിന്നും 100 രൂപയുടെ മൂന്ന് കള്ളനോട്ടുകളും വർക്കലയിലെ വീട്ടിൽ നിന്ന് ആറ് കള്ളനോട്ടുകളും പൊലീസ് കണ്ടെടുത്തിരുന്നു. കള്ളനോട്ട് വിനിമയം ചെയ്തതിന് അഞ്ച് വർഷം കഠിനതടവും 50000 രൂപ പിഴയും കൈവശം വെച്ചതിന് മൂന്ന് വർഷം തടവും 20000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന എ. അശോകനാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്. കേസന്വേഷിച്ച് കുറ്റപത്രം നൽകിയത് കൊല്ലം ക്രൈംബ്രാഞ്ച് സി.ഐ.ഡി ഡിറ്റക്ടീവ് ഇൻസ്പെക്ടർ വി.എസ്. ദിനരാജ് ആയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
Post Your Comments