മംഗളൂരു : എസ് ഡി പി ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫിനെ (35) വെട്ടിക്കൊന്ന സംഭവത്തെ തുടര്‍ന്ന് ദക്ഷിണ കന്നഡ താലൂക്കുകളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന നിരോധനാഞ്ജ നീട്ടി. ജൂണ്‍ 27 വരെയാണ് നിരോധനാഞ്ജ നീട്ടിയിരിക്കുന്നത്. ഇക്കാലയളവില്‍ കൂട്ടംകൂടി നില്‍ക്കാനോ ആയുധങ്ങള്‍ കൊണ്ട് സംഘടിക്കാനോ പാടില്ല. മംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയെ നിരോധനാഞ്ജയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ജൂണ്‍ 13നാണ് ബണ്ട് വാള്‍ കല്ലടുക്കയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. ഇതേതുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ ജെ ജഗദീഷ് ബണ്ട് വാള്‍, ബെല്‍ത്തങ്ങാടി, പുത്തൂര്‍, സുള്ള്യ താലൂക്കുകളില്‍ ജൂണ്‍ 14വരെ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സംഘര്‍ഷത്തിന് അയവില്ലാത്തതിനെ തുടര്‍ന്ന് ഇത് ജൂണ്‍ 21 വരെ നീട്ടി. ഇതിനിടയില്‍ എസ് ഡി പി ഐ നേതാവ് കൊല്ലപ്പെട്ടതോടെയാണ് നിരോധനാജ്ഞ വീണ്ടും നീട്ടിയത്.
അഷ്‌റഫിന്റെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് അതീവ ജാഗ്രത പുലര്‍ത്തി വരികയാണ്. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് തന്നെ കടകള്‍ അടപ്പിച്ചു. അതിനിടെ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്നും കൊല്ലപ്പെട്ട അഷ്‌റഫിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എസ് ഡി പി ഐ ആവശ്യപ്പെട്ടു.
Post Your Comments