ന്യൂഡല്‍ഹി : രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഇടപെടലുകള്‍ വര്‍ദ്ധിച്ചതോടെ അവിടെ ശക്തമായ ഇടപെടലുകള്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയുടെ തന്ത്രപ്രധാനമായ പ്രാധാന്യം മോദി സര്‍ക്കാര്‍ മനസ്സിലാക്കി. ആരും സ്വപ്നം കാണാതിരുന്ന പദ്ധതികള്‍ പലതും നടപ്പിലാക്കിയും പൂര്‍ത്തിയാക്കിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കൂടെ നിര്‍ത്തുകയാണ് കേന്ദ്രം. ഈ മേഖലയില്‍ ചൈനീസ് ഇടപെടലുകള്‍ വര്‍ദ്ധിച്ചതോടെ വടക്കു-കിഴക്കന്‍ മേഖലയെ അതിതന്ത്രപരമായ മേഖലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
ശതകോടികള്‍ ചെലവുള്ള റോഡ് പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ, മേഖലയിലെ യാത്ര കൂടുതല്‍ അനായാസമാക്കി മാറ്റാന്‍ കേന്ദ്രത്തിനായി. അരുണാചല്‍ പ്രദേശില്‍ മാത്രം 7500 കോടി രൂപ മുതല്‍മുടക്കുള്ള നാല് റോഡ് പദ്ധതികളാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള യാത്രാ ദൂരം ഇതോടെ വന്‍തോതില്‍ കുറയും. ചൈനയുടെ കടുത്ത ഭീഷണി നിലനില്‍ക്കുന്ന മേഖലയില്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ക്കും ഇത് ഉത്തേജനമാകും.
ആസാമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ധോല-സാദിയ പാലം അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ പാലങ്ങളിലൊന്നാണിത്. ഇത്തരത്തിലുള്ള 80-ഓളം ബൃഹദ് പദ്ധതികളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിര്‍മ്മാണത്തിന്റെ പല മേഖലകളിലായുള്ളത്. മേഖലയിലെ ഏഴ് സംസ്ഥാനങ്ങളെയും അതിന് പുറത്തുള്ള ലോകത്തെയും കൂടുതല്‍ സൗകര്യത്തോടെ ബന്ധപ്പെടാന്‍ സഹായിക്കുന്ന പദ്ധതികളാണിവ.
തെക്കന്‍ ത്രിപുരയില്‍ പൂര്‍ത്തിയാകുന്ന 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം ചിറ്റഗോങ് തുറമുഖവുമായി സംസ്ഥാനത്തെ ബന്ധിപ്പിക്കും. ബംഗ്ലാദേശിലെ ഏറ്റവും വലിയ തുറമുഖമാണിത്. ഈ തുറമുഖത്തിലൂടെയുള്ള ചരക്കുനീക്കത്തിന്റെ പ്രയോജനം സംസ്ഥാനത്തിനാദ്യമായി ലഭിക്കാന്‍ പോവുകയാണ് പാലം വരുന്നതിലൂടെ. 2019-ഓടെ പാലം പൂര്‍ത്തിയാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മറ്റൊരു വലിയ പദ്ധതിയായി 128 കോടിയുടെ ചിറ്റഗോങ് പാലം മാറും.
ആസാമിനെ നഗാവില്‍നിന്ന് അരുണാചല്‍ പ്രദേശിലെ ഹോലോംഗിയിലേക്കുള്ള നാലുവരിപ്പാതയും മേഖലയെ കൂടുതല്‍ അടുപ്പിക്കുന്നതാണ്. 4500 കോടിയിലേറെയാണ് ഈ പദ്ധതിയുടെ ചെലവ് കണക്കാക്കിയിരിക്കുന്നത്. നിലവില്‍ മലനിരകളിലൂടെ 12 മണിക്കൂര്‍ വേണ്ട യാത്ര 166 കിലോമീറ്റര്‍ വരുന്ന പാത സജ്ജമാകുന്നതോടെ അഞ്ചുമണിക്കൂറായി ചുരുങ്ങും. 2019-20ഓടെ ഈ റോഡും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments