മലപ്പുറം•മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ വീട്ടു നികുതി അടക്കാനാവാതെ നാട്ടുകാർ നട്ടം തിരിയുന്നു.പഞ്ചായത്തിലെ നികുതി റജിസ്‍റ്റർ കംപ്യൂട്ടറിലേക്ക് മാറ്റിയതോടെ പലരുടേയും പേരും വിലാസവും മാറിപ്പോയതാണ് ആളുകൾ വലയാൻ കാരണം. പലർക്കും റജിസ്‍റ്ററിൽ ഒരു പേരും കംപ്യൂട്ടർ രേഖകളിൽ മറ്റൊരു പേരുമാണ്. നികുതി അടക്കാൻ ആളുകളെത്തുമ്പോഴാണ് തെറ്റു കണ്ടെത്തുന്നത്. കംപ്യൂട്ടറിൽ പേരില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണ് ആളുകളെ. രേഖകളിലെ തെറ്റു കണ്ടെത്തിയാലും മുടന്തൻ ന്യായങ്ങളുമായി ആളുകളെ മടക്കി അയക്കുകയാണ്. തെറ്റു വരുത്തിയത് ഓഫിസ് ജീവനക്കാണെങ്കിലും നട്ടം തിരിയുന്നത് സാധാരണ ജനങ്ങളാണ്. ആളുകൾ അപരാധം ചെയ്‍ത മട്ടിലാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
തെറ്റു കണ്ടെത്തിയാലും തെറ്റു തിരുത്തി നൽകാതെ ആളുകളെ പല തവണ നടത്തുന്ന നിലപാടാണ് ഓഫിസ് അധികൃതർക്ക്. മൂന്നും നാലും തവണ ഓഫിസിൽ കയറിയിറങ്ങിയിട്ടും നികുതി അടക്കാനാവാത്ത സാഹചര്യമുണ്ട്.വായ്‍പാ–വൈദ്യുതി ആവശ്യങ്ങൾക്കും ശുദ്ധജല കണൿഷനും വിവിധ ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകാനും നികുതി റസീത് വേണം. എന്നാൽ പഞ്ചായത്ത് അധികൃതരുടെ അലംഭാവം മൂലം ആളുകൾക്ക് ആനുകൂല്യങ്ങളും മറ്റും നഷ്‍ടപ്പെടുന്ന സ്‍ഥിതിയാണ്.
പഞ്ചായത്തിൽ 2013 മുതൽ നികുതി വർധന നടപ്പായിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ വർധിപ്പിച്ച നികുതി ഈടാക്കാതെ കുടിശികയായി പലിശ സഹിതം ഇപ്പോൾ ഈടാക്കുന്ന സ്‍ഥിതിയുമുണ്ട്.ഇതും ആളുകളെ വലക്കുന്നുണ്ട്. എന്നാൽ ആളുകളുടെ ദുരിതം കണ്ടില്ലെന്ന് നടിച്ച് പെടാപാടിലാക്കുകയാണ് അധികൃതർ.
Post Your Comments