KeralaLatest NewsNews

കൊച്ചി മെട്രോ; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊച്ചി: മെട്രോ റെയിൽ യാത്രക്കാർ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. മെട്രോയിൽ കയറ്റാവുന്ന ബാഗിന്റെ വലുപ്പം നിശ്ചയിച്ചിട്ടുണ്ട്. 60 – 45– 25 സെന്റിമീറ്ററാണു ബാഗിന്റെ അളവ്. വലുപ്പം കൂടിയ ബാഗ് മെട്രോ സ്റ്റേഷനിലെ സ്കാനറിലൂടെ കടന്നുപോകില്ല. അതിനാൽ യാത്ര മുടങ്ങും. മാത്രമല്ല മെട്രോയിൽ ഭക്ഷണപാനീയനങ്ങൾ അനുവദിക്കില്ല. എന്നാൽ മെട്രോ സ്റ്റേഷനിൽ ഇതു രണ്ടും ലഭിക്കും. അവിടെ വച്ചു കഴിക്കാം. പക്ഷെ ട്രെയിനിൽ കയറ്റാൻ പാടില്ല.

ട്രെയിനിലും സ്‌റ്റേഷനുകളിലും ഓരോ മുക്കിലും മൂലയിലും സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ സ്‌റ്റേഷനിലും ട്രെയിനുകൾക്കുള്ളിലും എന്തു നടക്കുന്നുവെന്നു കാണാനും നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ നടപടിയെടുക്കാനും സാധിക്കും. മെട്രോയ്ക്കുള്ളിൽ പ്രവേശിക്കുന്നതിനു മുൻപ് ബാഗേജ് പരിശോധിക്കും. അപകടകരമായ വസ്തുക്കൾ എന്തെങ്കിലും കണ്ടെത്തിയാൽ നാലു വർഷം വരെ തടവു ലഭിക്കാം. 5,000 രൂപ വരെയാണ് പിഴ. ട്രെയിനിൽ കൊണ്ടുപോകുന്ന എന്തെങ്കിലും സാധനം മുഖേന ട്രെയിനിനു കേടുപാടുണ്ടാവുകയോ യാത്രക്കാർക്ക് അപകടമുണ്ടാവുകയോ ചെയ്താൽ നഷ്ടപരിഹാരം പൂർണമായും ഉത്തരവാദിയായ യാത്രക്കാരനിൽ നിന്നു തന്നെ ഈടാക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള സംവിധാനങ്ങൾ ദുരുപയോഗം ചെയ്താലും 1,000 രൂപ പിഴയും ഒരു വർഷം തടവും ലഭിക്കും.

കൂടാതെ മദ്യപിച്ചു യാത്ര ചെയ്യാൻ പാടില്ല. മദ്യക്കുപ്പി ബാഗിൽ വച്ചു യാത്ര ചെയ്യാനും കഴിയില്ല. മദ്യവുമായോ മദ്യപിച്ചോ യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ കുറഞ്ഞത് 500 രൂപ പിഴയൊടുക്കേണ്ടി വരും. പുകവലിയും നിരോധിച്ചിട്ടുണ്ട്. സ്‌റ്റേഷനുള്ളിൽ പുകവലിക്കുന്നതായി കണ്ടെത്തിയാലും നടപടിയുണ്ടാകും.

അതുപോലെ മെട്രോയിൽ കുത്തിവരച്ചാൽ ആറുമാസം ജയിലിൽ കിടക്കാം. ആയിരം രൂപ പിഴയുമടയ്‌ക്കേണ്ടി വരും. മറ്റു യാത്രക്കാരോടു വഴക്കുണ്ടാക്കിയാലും തല്ലു കൂടിയാലുമൊക്കെ പിഴയടക്കേണ്ടി വരും. മോശം ഭാഷയിലെ സംസാരത്തിനും 500 രൂപ പിഴ ലഭിക്കും. യാത്ര പൂർത്തിയാക്കാൻ കഴിയുകയുമില്ല.

എന്തു പ്രതിഷേധത്തിന്റെ ഭാഗമായിട്ടായാലും മെട്രോ തടയാൻ ശ്രമിച്ചാൽ 5,000 രൂപ പിഴയും നാലു വർഷം തടവുമാണു ശിക്ഷ. സ്‌റ്റേഷൻ, മെട്രോയുടെ തൂണുകൾ, കോച്ച് എന്നിവയിൽ പോസ്റ്ററോ ബാനറോ പതിച്ചാലും 500 രൂപ പിഴയും ആറുമാസം തടവുമുണ്ട്. ട്രെയിനിലോ പാളത്തിലോ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചാലും ഇതേ ശിക്ഷ തന്നെ. ട്രെയിനിലും സ്റ്റേഷനിലും അനധികൃത വിൽപനയും നിരോധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button