Reader's Corner

ജീവിതത്തിന്‍റെ നേര്‍കാഴ്ചകള്‍

തികച്ചും സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചെഴുതിയ കഥകളാണ് വിഡ്ഢികള്‍ ഓടിക്കയറുന്ന ഇടങ്ങള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥാകാരി സുലോചന രാംമോഹന്‍ പ്രശസ്ത എഴുത്തുകാരി സുധാ വാര്യരുടെ മകളാണ്. വ്യത്യസ്ത ചുറ്റുപാടുകളില്‍ ജീവിക്കുന്ന വ്യത്യസ്ത മനോഭാവം പുലര്‍ത്തുന്ന വേറിട്ട കാഴ്ചപ്പാടുകളുള്ള കുറച്ചു സ്ത്രീ കഥാപാത്രങ്ങളെയാണ് സുലോചന വായനക്കാരന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. അവരൊക്കെയും ഇന്നത്തെ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ പ്രതിനിധികളാണ് താനും. സ്ത്രീരചനയെ പെണ്ണെഴുത്തെന്ന് വിധിയെഴുതുന്നവര്‍ക്കുള്ള മറുപടിയാണ്‌ സുലോചനയുടെ ഈ കഥാസമാഹാരം. അത് അവര്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്.

പന്ത്രണ്ട് കഥകള്‍ ഉള്‍പ്പെട്ടതാണ് പുസ്തകം. തന്റെടികളും വിദ്യാഭ്യാസമുള്ളവരുമായ സ്ത്രീകളും, ശുദ്ധയും പ്രതികരണ ശേഷി ഇല്ലാത്തവരും, ആധുനികയുഗത്തിന്റെ കോളേജ് കുമാരികളും, മക്കളെ ഓര്‍ത്തു മനപ്രയാസം കൊള്ളുന്ന അമ്മമാരുമൊക്കെ സുലോചനയുടെ രചനയില്‍ നിറഞ്ഞു നില്‍ക്കുന്നു. വര്‍ത്തമാന കാലത്തില്‍ നിന്നുകൊണ്ട് തന്നെ ആ കഥാപാത്രങ്ങളെ തികച്ചും ജീവസുറ്റതാക്കി മാറ്റാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞു. കഥ എന്നതിനപ്പുറം ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ തന്നെയാണ് എഴുത്തുകാരി വായനക്കാരന് മുമ്പില്‍ തുറന്നുകൊടുക്കുന്നത്. സീതാലക്ഷ്മി, ഗിരിജ, സെറീന,ജെന്നി, ജാനി, മീനാക്ഷി,വിനീത അങ്ങനെ നീളുകയാണ് സുലോചനയുടെ പെണ്‍കഥാപാത്രങ്ങള്‍. ഇവരെയൊക്കെയും ലേഖിക വരച്ചുകാട്ടുന്നത് വര്ത്തമാനകാലത്തിന്റെ കണ്ണാടിയില്‍ കൂടിയാണ്. അതിനു ലേഖിക ചില പ്രേരക ഘടകങ്ങളെയും ഉപയോഗിച്ചുവെന്നു പറയാം. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകവും ,പെരുമഴക്കാലം, ഒരു ചെറുകഥ, ദൈവനാമത്തില്‍, ലാല്‍സലാം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ അങ്ങനെ ഒരുപിടി സിനിമകളും തന്റെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ലേഖിക ഉപയോഗിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ അത്തരം പ്രേരക ഘടകങ്ങളിലൂടെ കഥാപാത്രത്തെ അവതരിപ്പിച്ച രീതി തന്നെയാണ് രചനയുടെ വ്യത്യസ്തതയും.

ചിട്ടവട്ടങ്ങളെ തരിമ്പും കൂസതെയുള്ള രചനാവൈഭവം ഈ കഥകള്‍ക്കുണ്ട്. ചിന്തയുടെ ഉള്‍വെളിച്ചം ഓരോ കഥകളിലും ജ്വലിക്കുന്നതായി കാണാം. സ്വയം നവീകരിക്കുന്ന എഴുത്ത് പദ്ധതികള്‍ ഈ രചനയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. സ്ത്രീ മനസ്സിന്റെ ആഴങ്ങളില്‍ നിന്നുണ്ടാകുന്ന രചനയുടെ മികച്ച ഉദാഹരണമാവുകയാണ് വിഡ്ഢികള്‍ ഓടിക്കയറുന്ന ഇടങ്ങള്‍. വ്യത്യസ്തമായ പെണ്മനസ്സും അവരുടെ ചിന്താ ഗതികളും ആഴത്തില്‍ പഠിച്ചെഴുതിയതാണ് ഈ പുസ്തകമെന്നു പറയാം. ലളിതമായ ഭാഷയും കഥയുടെ അവതരണ ശൈലിയും പുസ്തകത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button