റിയാദ് : ഖത്തര്‍ പ്രതിസന്ധി ഉടലെടുത്ത് രണ്ടാഴ്ചയായിട്ടും പ്രശ്‌നപരിഹാരത്തിനുള്ള വഴി അനിശ്ചിതമായി നീളുകയാണ്. സൗദിയും മറ്റു അനുബന്ധ രാഷ്ട്രങ്ങളും ഇപ്പോഴും ആദ്യനിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഇതിനിടെ ഖത്തറിനെതിരെ ഉന്നയിച്ച പരാതികളുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് സൗദി അറിയിച്ചിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങളുടെ പട്ടിക തയ്യാറാക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇത്തരം നടപടി പ്രശ്‌ന പരിഹാരം വൈകാന്‍ ഇടയാക്കുമെന്നാണ് ആശങ്ക.
ഖത്തറിനെതിരെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളുടെ വിശദശാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വ്യക്തമാക്കിയ സൗദി വിദേശകാര്യ മന്ത്രി പ്രശ്നപരിഹാരത്തിന് തങ്ങള്‍ മുന്നോട്ടുവെക്കുന്ന ഉപാധികള്‍ പട്ടികയില്‍ ഉണ്ടായിരിക്കില്ലെന്നും അറിയിച്ചു. എന്നാല്‍ പഴയ ആരോപണങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സൗദിയുടെയും സഖ്യകക്ഷികളുടെയും തീരുമാനമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നും പ്രശ്‌നപരിഹാരം വൈകിപ്പിക്കാന്‍ ഇതിടയാക്കുമെന്നുമാണ് അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെടുന്നത്.
അതേസമയം ഖത്തറിന് മേല്‍ തീവ്രവാദ ബന്ധം ആരോപിച്ചുകൊണ്ട് സൗദിയുടെ നേതൃത്വത്തില്‍ തയാറാക്കിയ പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്ര സഭ ആവര്‍ത്തിച്ചു വ്യക്തമാക്കി. പട്ടികയില്‍ സൂചിപ്പിച്ച സംഘടനകളും വ്യക്തികളും നിരവധി രാജ്യങ്ങളില്‍ ജനാധിപത്യപരമായ ഇടപെടലുകള്‍ നടത്തുന്നവരാണെന്നും ഇവരെ ഏകപക്ഷീയമായി തീവ്രവാദികളായി ചിത്രീകരിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഐക്യ രാഷ്ട്ര സഭ വക്താവ് സ്റ്റീഫന്‍ ദുജൈരിക് അഭിപ്രായപ്പെട്ടു.
ഇതിനിടെ, ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് റ്റില്ലേഴ്‌സന്‍ തന്റെ മെക്‌സിക്കന്‍ യാത്ര റദ്ദാക്കിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ഗള്‍ഫിലെ ഭരണാധികാരികളുമായുള്ള ആശയ വിനിമയം കൂടുതല്‍ സജീവമാക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ ആഭ്യന്തര വകുപ്പ് വക്താവ് ഹീതര്‍ നൗററ്റും അറിയിച്ചു.വേണ്ടിവന്നാല്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയേക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Post Your Comments