ദോഹ: പ്രവാസികൾക്ക് ഖത്തർ അധികാരികളുടെ കർശനമായ മുന്നറിയിപ്പ്. പ്രവാസികൾ യഥാർഥ റസിഡൻസി പെർമിറ്റ് (ഖത്തർ തിരിച്ചറിയൽ രേഖ) തന്നെ കൈവശം വയ്ക്കണമെന്നു ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. തിരിച്ചറിയൽ രേഖയുടെ പകർപ്പ് അംഗീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പ് കമ്യൂണിറ്റി റീച്ച് ഔട്ട് ഓഫിസ് കോഓർഡിനേറ്റർ ഫൈസൽ അൽ ഹുദവി പറഞ്ഞു. പോലീസ്, സിഐഡി ഉദ്യോഗസ്ഥർ എന്നു പരിചയപ്പെടുത്തി തിരിച്ചറിയൽ രേഖ ചോദിക്കുന്നവരോട് അവരുടെ ഐഡി കാർഡ് ആവശ്യപ്പെടാം.
മാത്രമല്ല നാട്ടിൽനിന്നു ഖത്തറിലേക്കു മടങ്ങുന്നവർ കൊണ്ടുവരുന്ന സാധനങ്ങളെക്കുറിച്ചും ശ്രദ്ധ വേണം. പരിശോധിച്ച് ഉറപ്പു വരുത്താതെ മറ്റുള്ളവരിൽനിന്നു യാതൊന്നും സ്വീകരിക്കരുത്. ഖത്തറിൽ നിരോധിച്ചിട്ടുള്ള നൂറ്റിയൻപതിലേറെ മരുന്നുകൾ കൊണ്ടുവരുന്നതിനു വിലക്കുണ്ട്.
ഡോക്ടറുടെ ഒപ്പും ആശുപത്രി സീലും ഉള്ള കുറിപ്പടിയും ഒരുമാസം വരെ ഉപയോഗിക്കേണ്ട മരുന്നുകൾക്കൊപ്പം സൂക്ഷിക്കണം. ഒരു മാസത്തിലധികം ഉപയോഗിക്കേണ്ട മരുന്നുകൾക്കു പകരം ഖത്തറിൽ ലഭ്യമായ മരുന്നു വാങ്ങണം. നിരോധിത മരുന്നുമായി പിടിയിലായാൽ മൂന്നു മുതൽ അഞ്ചു ലക്ഷം റിയാൽ വരെ പിഴയും 10 വർഷം വരെ തടവും ലഭിക്കും.
കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ അപകടങ്ങളുടെയോ അതിൽ ഇരകളായവരുടെയോ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനും വിലക്കുണ്ട്. ഇതു ലംഘിച്ചാൽ 10,000 റിയാൽ പിഴയോ രണ്ടുവർഷം വരെ തടവോ ലഭിക്കാം.
Post Your Comments