ന്യൂഡൽഹി: ബലൂചിസ്ഥാനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടു ചൈനക്കാരെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. ഇവർ ഉപദേശികളായിരുന്നുവെന്നും സുവിശേഷം പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പാക്കിസ്ഥാൻ പറയുന്നു. ചൈനക്കാരായ ഭാഷാധ്യാപകരെ പോലീസുകാരുടെ വേഷത്തിലെത്തിയ ആയുധധാരികളാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഐഎസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സംഭവത്തെ തുടർന്നു പാക്ക്–ചൈന ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വാദവുമായി പാക്ക് അധികൃതർ രംഗത്തെത്തിയത്
അതേസമയം, ദക്ഷിണ കൊറിയയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറിമാരായിരുന്നു കൊല്ലപ്പെട്ട രണ്ടു ചൈനക്കാരുമെന്ന് ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് ആരോപിച്ചു. ഇവർ പാക്ക്– അഫ്ഗാൻ അതിർത്തി പ്രദേശമായ ക്വറ്റയിൽ മതപ്രഭാഷകരായി പ്രവർത്തിക്കുകയായിരുന്നു. ഇവിടെ ദക്ഷിണ കൊറിയ നടത്തുന്ന സ്കൂളിൽ ഉർദു പഠിക്കാനെന്ന വ്യാജേനയാണ് ഇവർ എത്തിയത്. കഴിഞ്ഞ നവംബറിൽ എത്തിയ 13 അംഗ സംഘത്തിൽ ഉൾപ്പെടുന്നവരാണു കൊല്ലപ്പെട്ട രണ്ടുപേരെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ബിസിനസ് വീസയിലെത്തിയ ചൈനീസ് പൗരന്മാർ വീസ നടപടികളും നിയമങ്ങളും തെറ്റിച്ചെന്നു പാക്ക് മന്ത്രി ചൗധരി നിസാർ പറഞ്ഞതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വീസയിലെ നടപടിക്രമങ്ങൾ പാലിക്കുന്നതിനു സന്ദർശകർക്കു കടമയുണ്ട്. ചൈനക്കാർക്കു വീസ അനുവദിക്കുന്നതിനുമുൻപ് അന്വേഷണം നടത്തണം. ഇപ്പോൾ പാക്കിസ്ഥാനിലുള്ള ചൈനക്കാരുടെ ഡേറ്റാ ബാങ്ക് തയാറാക്കണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments