ദമാം: 24 വര്‍ഷത്തിനൊടുവില്‍ മണലാര്യണത്തിലെ ഒളിവ് ജീവിതത്തില്‍ നിന്ന് പച്ചപ്പിന്റെ നാട്ടിലേയ്ക്ക് യാത്രയാകുകയാണ് ഈ മലയാളി. യാതൊരു രേഖകളുമില്ലാതെയാണ് 24 വര്‍ഷം സൗദിഅറേബ്യയില്‍ ഈ മലയാളി പ്രവാസജീവിതം നയിച്ചത്. മാവേലിക്കര സ്വദേശിയായ പുഷ്പാംഗദനാണ് ഒളിവുജീവിതത്തില്നിന്നു മോചനമായത്. 1993-ല്‍ ജോലിക്കെത്തുമ്പോള്‍ 33 വയസായിരുന്നു. ആദ്യം ഇക്കാമ എടുത്ത് ജോലി ചെയ്യാന്‍ തുടങ്ങിയെങ്കിലും സ്പോണ്‍സറും സഹപ്രവര്‍ത്തകരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കമ്പനിയില്‍ നിന്ന് ഒളിച്ചോടി. പിന്നീടു സ്വതന്ത്രനായി ജോലി ചെയ്തു.
പാസ്പോര്‍ട്ടു പോലുമില്ലാതെ ഇത്രയുംകാലം സൗദിയിലെ പല പ്രദേശങ്ങളിലും അലഞ്ഞു. ഇതിനിടയില്‍ പല പ്രാവശ്യം പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും പ്രവാസജീവിതത്തോടായിരുന്നു ഇയാള്‍ക്ക് ആഭിമുഖ്യം. അവിവാഹിതനായ പുഷ്പാംഗദന് മടങ്ങി വരാന്‍ നാട്ടിലുള്ള ബന്ധുക്കള്‍ വലിയ സമ്മര്‍ദം ചെലുത്തിയതുമില്ല. എന്നാല്‍, ഇത്തവണ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ മനംമാറ്റമുണ്ടായി. നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച പുഷ്പാംഗദന്, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യ വിഭാഗത്തോട് സഹായം അഭ്യര്‍ഥിച്ചു.
ഔട്ട്പാസ് കിട്ടാന്‍ ഇന്ത്യന്‍ എംബസിക്ക് അപേക്ഷ നല്‍കിയെങ്കിലും മതിയായ രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ കൊല്ലം സ്വദേശിയായ നവയുഗം മുന്‍കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.ആര്. അജിത്തിന്റെ സഹായത്തോടെ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ശിപാര്‍ശക്കത്ത് ലഭ്യമാക്കി. ഇതോടെ എംബസി ഔട്ട്പാസ് അനുവദിച്ചു. എന്നാല്‍,ഫൈനല്‍ എക്സിറ്റ് എടുക്കുകയായിരുന്നു അടുത്ത കടമ്പ. ജീവകാരുണ്യപ്രവര്‍ത്തകരായ പദ്മനാഭന് മണിക്കുട്ടന്, സക്കീര്‍ ഹുെസെന് എന്നിവര്‍ പുഷ്പാംഗദനെ ഖഫ്ജി തര്‍ഹീലില്‍ കൊണ്ടു പോയി. അവിടത്തെ എംബസി ഹെല്‍പ്ഡെസ്ക്ക് വോളന്റിയര്‍ ജലീലിന്റെ സഹായത്തോടെ ഫിംഗര്‍പ്രിന്റ് എടുത്ത് എക്സിറ്റ് അടിച്ചു വാങ്ങി. നവയുഗം കോബാര്‍ സിറ്റി കമ്മിറ്റി പ്രസിഡന്റ് ബിജിബാല്‍ വിമാനടിക്കറ്റ് നല്കി. ഇവര്‍ക്കു നിറഞ്ഞ ഹൃദയത്തോടെ പറഞ്ഞായിരുന്നു നാട്ടിലേക്കു തിരിച്ചത്.
Post Your Comments