കൊച്ചി: മെട്രോയിലൂടെ കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്ന് യാഥാര്‍ത്ഥ്യമാവുമ്പോള്‍ മെട്രോയെ ട്രാക്കിലാക്കാന്‍ വേണ്ടി രാവും പകലുമില്ലാതെ വിയര്‍പ്പൊഴുക്കിയവരെ ആദരിച്ച് ദക്ഷിണ നല്‍കി കെഎംആര്‍എല്‍. ആലുവ മുതല്‍ പാലാരിവെട്ടം വരെ മെട്രോയ്ക്കായി പണിയെടുത്ത 800ഓളം തൊഴിലാളികള്‍ക്ക് സദ്യ നല്‍കിയാണ് തൊഴിലാളികളോടുള്ള സ്‌നേഹവും ആദരവും അധികൃതര്‍ പ്രകടിപ്പിച്ചത്. ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പാണ് കൊച്ചി മെട്രോയ്ക്ക് ജീവന്‍ നല്‍കാന്‍ പ്രയത്‌നിച്ചവര്‍ക്ക് കെഎംആര്‍എല്‍ ആദരവ് നല്‍കിയത്.
എറണാകുളം എസ്എസ് വിദ്യാമന്ദിറില്‍ കൊച്ചി മെട്രോയുടെ വലിയ കട്ടൗട്ടും, ഗംഭീര സദ്യയുള്‍പ്പടെയാണ് ചടങ്ങൊരുക്കിയത്. തൊഴിലാളികള്‍ക്ക് തങ്ങളുടെ സന്ദേശമെഴുതാനായി ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇതില്‍ പേരും കൈയൊപ്പും ചാര്‍ത്തി തൊഴിലാളികള്‍ തങ്ങള്‍ക്കു നല്‍കിയ ആദരവിന് നന്ദിയര്‍പ്പിച്ചു. സദ്യക്ക് ശേഷം ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും ചടങ്ങില്‍ ഒരുക്കിയിരുന്നു.
ഇതരസംസ്ഥാന തൊഴിലാളികളുടെ വിയര്‍പ്പും രാപ്പകലില്ലാത്ത അധ്വാനവുമാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ട പൂര്‍ത്തീകരണത്തിന് പിന്നില്‍. ബംഗാള്‍, ഹരിയാന, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കരാര്‍ തൊഴിലാളികളാണ് മെട്രോ പൂര്‍ത്തീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെട്രോ ആദ്യ ഘട്ട പൂര്‍ത്തീകരണത്തിനുള്ള നന്ദിയും കടപ്പാടും അറിയിക്കാനാണ് ഇത്തരത്തിലുള്ളൊരു ചടങ്ങ് നടത്തിയതെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. ഡയറക്ടര്‍മാരായ തിരുമണ്‍, അര്‍ജുനന്‍, എബ്രഹാം ഉമ്മന്‍, ജനറല്‍ മാനേജര്‍മാരായ ചന്ദ്രബാബു, രേഖ, ജോയിന്റ് ജനറല്‍ മാനേജര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്നിവരും സദ്യയില്‍ പങ്കെടുത്തു.
Post Your Comments