ന്യൂഡല്‍ഹി: വീരേന്ദര്‍ സെവാഗിനെ പരിഹസിച്ച് സംസാരിച്ച മുന്‍ പാക് വിക്കറ്റ് കീപ്പര്‍ റാഷിദ് ലതീഫിന് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി. സെവാഗിനെപ്പോലെയൊരു താരത്തെ അപമാനിക്കുന്ന രീതിയിൽ റാഷിദ് ലതീഫിന് എങ്ങനെ സംസാരിക്കാനായെന്നും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് ലതീഫ് ഇങ്ങനെ സംസാരിച്ചതെന്നും തിവാരി പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ പാകിസ്ഥാനെ ഇന്ത്യയുടെ മകനായും ബംഗ്ലാദേശിനെ ഇന്ത്യയുടെ കൊച്ചുമകനായും താരതമ്യം ചെയ്ത് സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി ലത്തീഫ് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. സച്ചിന്, കുംബ്ലെ, സഹീര്‍ ഖാന്, വി.വി.എസ് ലക്ഷ്മണ്, അജയ് ജഡേജ, കൈഫ്, യുവരാജ് സിങ്ങ് എന്നിവരെയെല്ലാം താൻ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ സെവാഗിനോട് ബഹുമാനമില്ലെന്നും ലതീഫ് വീഡിയോയില്‍ പറയുന്നുണ്ട്. താജ് മഹലും നിസാമുദ്ദീന്‍ ദര്‍ഗയും അജ്മീര്‍ ദര്‍ഗ ഉൾപ്പടെയുള്ളവ തന്റെ പൂർവികർ സംഭാവന ചെയ്തതാണെന്നും ലതീഫ് പറയുകയുണ്ടായി.
ഇതിന് മറുപടിയുമായാണ് മനോജ് തിവാരി രംഗത്തെത്തിയത്. അയാള്‍ പ്രശസ്തനാകാന് വേണ്ടിയാണ് അങ്ങനെയൊക്കെ ചെയ്യുന്നതെന്നും കളിക്കാരെ ബഹുമാനിക്കാൻ പഠിക്കണമെന്നും സെവാഗിന്റെ ക്രിക്കറ്റ് റെക്കോര്‍ഡുകള്‍ പോയി നോക്കണമെന്നും തിവാരി വ്യക്തമാക്കി.
Post Your Comments