തിരുവനന്തപുരം•വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം കഴിയുന്നത് വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് തള്ളി. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കരാറിൽ അഴിമതിയുണ്ടെങ്കിൽ പഴുതുകളടച്ചു മുന്നോട്ടു പോകുമെന്നും സ്വപ്ന പദ്ധതി നടപ്പാക്കാൻ തന്നെയാണ് തീരുമാനമെന്നും പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണത്തോട് അനുബന്ധിച്ചുള്ള ബർത്ത് പൈലിംഗ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വികസനത്തിനു ദീർഘകാലാടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം. ഇത് നടപ്പാക്കും. നിശ്ചയിച്ചിട്ടുള്ള കാലയളവിൽതന്നെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ മുഖച്ഛായതന്നെ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമാണം പൂറത്തിയാകുന്നതോടെ ഉപജീവനമാർഗം നഷ്ടപ്പെടുവരുടെ ആവശ്യങ്ങൾ സർക്കാർ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിനാകെ വികസനമുണ്ടാകുമ്പോള്‍ ചില ബുദ്ധിമുട്ടുകളുണ്ടാകാമെന്നും ഇത്തരം ബുദ്ധിമുട്ടുകളോട് വിഴിഞ്ഞം പ്രദേശവാസികൾ സഹിഷ്ണുതയോടെയാണ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.എ.ജി റിപ്പോർട്ടിൻമേലുള്ള ജുഡീഷൽ അന്വേഷണം അവസാനിക്കുന്നതുവരെ പദ്ധതി നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് കത്ത് നല്‍കിയിരുന്നു. ബർത്ത് പൈലിംഗ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് വി.എസ് കത്ത് നല്‍കിയത്.
Post Your Comments