![](/wp-content/uploads/2017/05/2222224444444.jpg)
അങ്ങാടിപ്പുറം: പെരിന്തല്‍മണ്ണയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തന സമയം നീട്ടിയത് രോഗികള്‍ക്ക് ആശ്വാസമായി. അടിയന്തര ശാസ്ത്രക്രിയകള്‍ക്കും മറ്റും രക്തം ആവശ്യമായി
വരുമ്പോള്‍ ഏവരും ആശ്രയിക്കുന്ന രക്ത ബാങ്കുകള്‍ റംസാന്‍ മാസമാകുന്നതോടെ നോമ്പുസമയത്ത് തുറന്ന് വൈകീട്ടോടെ അടച്ചിടുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍നിന്നും ഏറെ ആശ്വാസമായിരിക്കുകയാണ് പുതിയ നടപടി.
പെരിന്തല്‍മണ്ണ ഗവ :ജില്ലാ ആശുപത്രി, കിംസ് അല്‍ ഷിഫ ആശുപത്രി എന്നിവര്‍ റംസാന്‍ ഒന്നു മുതല്‍ തന്നെ രക്ത ബാങ്കുകളുടെ സമയം അധികരിച്ചിരുന്നു. മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളേജിലും ഇന്നു മുതല്‍ അധിക സമയം ബ്ലഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഈ പ്രവണത പെരിന്തല്‍മണ്ണയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണെന്നാണ് രക്തദാതാക്കള്‍ പറയുന്നത്.
രാവിലെ 9 ന് തുടങ്ങുന്ന രക്ത ബാങ്ക് രാത്രി 9 മണി വരെ ദാതാക്കളില്‍ നിന്നും രക്തം സ്വീകരിക്കും. രോഗികള്‍ക്കും, രോഗികളുടെ ബന്ധുക്കള്‍ക്കും, രക്തം എത്തിച്ചു നല്‍കുന്നവര്‍ക്കും ഇത് ഏറെ ഗുണകരമായിരിക്കുകയാണ്.
Post Your Comments