പയ്യന്നൂർ: രാമന്തളി കക്കംപാറയിൽ ആർ.എസ്.എസ് നേതാവ് ബിജു കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകളും വിവരങ്ങളും ലഭിച്ചു. കസ്റ്റഡിയില്‍ എടുത്ത അനൂപ് ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ളോക്ക് ട്രഷററും സി.പി.എം രാമന്തളി ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഇവരെ ഇന്നലെ പയ്യന്നൂർ സി.ഐ എം.പി. ആസാദ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി.
ഏഴ് പ്രതികളാണ് കേസിലുള്ളത്. ഇതിൽ അഞ്ചുപേർ ഇതിനകം അറസ്റ്റിലായി. ഒരാൾ ദുബായിലേക്ക് കടന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനും പുറത്തുള്ള മറ്റൊരു പ്രതിയെ കണ്ടെത്താനുമുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. കൊലയാളി സംഘം ഉപയോഗിച്ച ഇന്നോവ കാറിൽ തന്നെയായിരുന്നു സംഘത്തിൽപെട്ടവർ രക്ഷപ്പെട്ടത്.
കൃത്യം നടത്തിയതിന് ശേഷം കൊലക്കുപയോഗിച്ച വാൾ കാറിൽ തന്നെയാണ് കടത്തിയത്. രക്തം പുരണ്ട വാൾ കാറിലെ മാറ്റിലാണ് വച്ചിരുന്നതെന്നും, ഈമാറ്റ് മുട്ടത്തി ഭാഗത്ത് പെരുമ്പ പുഴയിൽ വലിച്ചെറിഞ്ഞെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. രക്തംപുരണ്ട മാറ്റ് കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
കൊല നടത്തിയ ശേഷം മുട്ടത്തിയിലെ ഒരു വീട്ടിലായിരുന്നു സംഘം ഒളിവിൽ കഴിഞ്ഞിരുന്നത്. കൊലക്കുപയോഗിച്ച വാൾ കഴിഞ്ഞദിവസം കണ്ടങ്കാളിയിലെ റെയിൽവേ ഗേറ്റിനടുത്തുള്ള കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളായ റിനീഷിനെയും ജ്യോതിഷിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാൾ കണ്ടെത്തിയത്.
Post Your Comments