
ഇടുക്കി: തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിലെ തെളിവെടുപ്പില്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. രണ്ടാം പ്രതി ആഷിക് ജോണ്‍സണുമായി നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക കണ്ടെത്തല്‍. തൊടുപുഴ ബിജു കൊലക്കേസിലെ രണ്ടാം പ്രതിയായ ആഷിക് ജോണ്‍സന്റെ അറസ്റ്റ് അന്വേഷണം സംഘം ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. കാപ്പ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജിയിലിലായിരുന്നു ആഷിക്.
തൊടുപുഴ മുട്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ബിജുവിന്റെ മൃതദേഹത്തില്‍ കണ്ട മുറിവുകളെ പറ്റി അന്വേഷണസംഘത്തിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായി ചോദ്യം ചെയ്യലില്‍ ബിജുവിന്റെ കയ്യിലും കാലിലും കുത്തിയതായി ആഷിക് ജോണ്‍സണ്‍ സമ്മതിച്ചു. തുടര്‍ന്ന് കലയന്താനിയിലെ കേറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കത്തി കണ്ടെടുത്തു.
കത്തിയില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. കത്തി ഫോറന്‍സിക് പരിശോധനക്ക് അയച്ചു. ആഷികും മുഹമ്മദ് അസ്ലമും ചേര്‍ന്ന് നടത്തിയ മര്‍ദ്ദനവും ബിജു ജോസഫിന്റെ മരണത്തിന് കാരണമായിട്ടുണ്ട്. ഒറ്റക്കും മറ്റ് പ്രതികള്‍ക്കൊപ്പം ഇരുത്തിയും ആഷികിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലും തെളിവെടുപ്പും നാളെയും തുടരും. കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ മറ്റ് മൂന്നു പ്രതികളായ ജോമോന്‍, ജോമിന്‍, മുഹമ്മദ് അസ്ലം എന്നിവരെ റിമാന്‍ഡ് ചെയ്തു.
Post Your Comments