ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടത്തുന്ന അന്വേഷണത്തിനെതിരേ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.
ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍. റദ്ദാക്കിയതെങ്കിലും കോടതിയ്ക്ക് നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സി.ജെ.എം. കോടതി അന്വേഷണം ആരംഭിച്ചത്.
33 വര്‍ഷം മുൻപുള്ള കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്ന് ആന്റണി രാജു സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മൂന്നാം തവണയാണ് അന്വേഷണം നടക്കുന്നത്. തികച്ചും രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാല്‍ ആണ് തന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതെന്നും ആന്റണി രാജു സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിജിലൻസ് റിപ്പോര്‍ട്ടിലോ എഫ്.ഐ.ആറിലോ തനിക്കെതിരെ ഒരു ആരോപണവും ഇല്ലാതിരുന്ന കേസിലാണ് അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ചാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ ദീപക് പ്രകാശാണ് ആന്റണി രാജുവിന്റെ ഹര്‍ജി ഫയല്‍ ചെയ്തത്.
1990 ഏപ്രില്‍ 4-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍.
Post Your Comments