തിരുവനന്തപുരം: ജെസ്ന കേസില്‍ സിബിഐ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ഇന്നലെ ജെസ്നയുടെ അച്ഛന്‍ കോടതിയില്‍ ചില തെളിവുകള്‍ നല്‍കിയിരുന്നു. ഈ കാര്യങ്ങള്‍ സിബിഐ അന്വേഷണത്തില്‍ വന്നോ എന്ന് അറിയാന്‍ ആണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും. ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജെയിംസ് സീല്‍ ചെയ്ത കവറില്‍ നല്‍കിയ തെളിവുകള്‍ ഇന്നലെ കോടതി സ്വീകരിക്കുകയായിരുന്നു.
Read Also: നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ പക, അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി ദമ്പതികള്‍
ചില ചിത്രങ്ങള്‍ അടക്കമാണ് കോടതിയില്‍ നല്‍കിയത്. തെളിവുകള്‍ കോടതി പരിശോധിച്ചു. സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്. അതിനാല്‍ തെളിവുകള്‍ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്റെ കാര്യത്തില്‍ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിടുക.
പത്തനംതിട്ട വെച്ചുച്ചിറയില്‍ നിന്ന് കാണാതായ ജെസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് സിബിഐ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജെസ്‌നയുടെ അച്ഛന്‍ കോടതിയെ സമീപിച്ചത്. ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നാണ് അച്ഛന്‍ പറയുന്നത്. ജെസ്‌ന തിരോധാന കേസില്‍ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന് അച്ഛന്‍ അവകാശപ്പെടുന്നു.
ജെസ്‌നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിന്റെ തെളിവ് കയ്യിലുണ്ടെന്നും കോടതിയില്‍ കൈമാറിയെന്നുമാണ് അച്ഛന്‍ പറയുന്നത്. സിബിഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സാഹചര്യത്തിലാണ് താന്‍ അന്വേഷണം ആരംഭിച്ചതെന്ന് അച്ഛന്‍ പറഞ്ഞു. ഏജന്‍സികള്‍ക്ക് സമാന്തരമായി തന്റെ നേതൃത്വത്തില്‍ ഒരു ടീമായാണ് അന്വേഷണം നടത്തിയതെന്ന് അച്ഛന്‍ പറഞ്ഞിരുന്നു.
Post Your Comments