നോട്ട് നിരോധനമുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെ നിശീതമായി വിമര്‍ശിക്കാനും ഇത് വിവാദങ്ങളിലെത്തിക്കുക വഴി മനസ്സുഖം ആഗ്രഹിക്കുന്നവര്‍ക്കും കിട്ടിയ ഒരു പുതിയ ആയുധമായിരുന്നു രാജ്യത്ത കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്. കാളപെറ്റെന്ന് കേട്ടപാടെ കയറെടുത്ത ഒരുകൂട്ടര്‍ക്ക് ഒത്താശപാടാന്‍ പിന്നണിയില്‍ നിവധിപേരെത്തി. എന്നാല്‍ കേന്ദ്ര ഉത്തരവിലെ സത്യാവസ്ഥയെന്തെന്നോ ഇതിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനോ വിലയിരുത്താനോ ആരും സമയം കണ്ടെത്തിയില്ല എന്നതാണ് വസ്തുത.
ചില തകല്‍പ്പര കക്ഷികള്‍ ഉന്നയിച്ച ‘മനുഷശ്യാവകാശ ലംഘനം’ എന്ന ആരോപണം ഏറ്റുപിടിച്ച് തെരുവിലേക്ക് സര്‍ക്കാരിനെതിരെ തിരിയാനാണ് ഭൂരിഭാഗവും ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ എന്ത് നടപടി കൈക്കൊണ്ടാലും അതിനെ ജനദ്രോഹപരമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടരുടെ ശ്രമങ്ങള്‍ ഏറെക്കുറെ ഇക്കാര്യത്തില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൈക്കൊണ്ട കേന്ദ്ര തീരുമാനത്തിലെ വസ്തുതകള്‍ പിന്നീട് വിമര്‍ശകര്‍ പോലും ഉള്‍ക്കൊണ്ടുവെന്നത് നാം കണ്ടതാണ്. ഇവിടെയും സംഭവിക്കുന്നത് മറിച്ചല്ല.
കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളത്തില്‍, കമ്മ്യൂണിസ്റ്റുകാരുടെ സ്വന്തം കണ്ണൂരില്‍, മാസങ്ങള്‍ക്കുമുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ കൈയ്യടിച്ചു പാസാക്കി നടപ്പിലാക്കിയ നിയമമാണ്, ഇന്ന് രാജ്യം മുഴുവന്‍ നടപ്പിലാക്കാന്‍ പോകുന്നത് എന്നാണ് ഇതിന് ചിലർ നൽകുന്ന മറുപടി. അതായത് ചെക്‌പോസ്റ്റില്‍ കൃഷി ആവശ്യത്തിനെന്നു പറഞ്ഞ് കൊണ്ടുവരുന്ന കന്നുകാലികളെ ഇനിമുതല്‍ കൃഷിക്കു തന്നെ ഉപയോഗിക്കണം, അറക്കാന്‍ വേണ്ടി കൊണ്ടുവരുന്ന മാടുകള്‍ക്ക് അവയുടെ ആരോഗ്യപരിശോധന നടത്തിയ രേഖകള്‍ കാണിക്കേണ്ടിവരും, അതുപോലെ അംഗീകൃത അറവുശാലകളില്‍ മാത്രമേ അറക്കാന്‍ കഴിയു. ഇതിലെന്താണിത്ര പ്രശ്‌നം ? രോഗമില്ലാത്ത മൃഗങ്ങളുടെ ഇറച്ചി ഇനിമുതല്‍ നിങ്ങള്‍ കഴിച്ചാല്‍ മതി എന്നുപറയുന്നതാണോ ഫാസിസം ?
രാജ്യത്ത് നമുക്കോരുത്തര്‍ക്കും ഉള്ളതുപോലെതന്നെ സുരക്ഷിതത്വവും അവകാശങ്ങളും എല്ലാം ഉള്ള ജീവികളാണ് നാല്‍ക്കാലികളും. വിവിധ രീതീകളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരിതങ്ങളും പീഡനങ്ങളും അനുഭവിക്കുന്ന ഒരു ജീവജാലംകൂടിയാണിത്. ഇവയുടെ സംരക്ഷണത്തിനായി വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മൃഗ സ്‌നേഹികളും പല സംഘടനകളും കോടതികളെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
മൃഗങ്ങളെ വില്‍ക്കുന്ന കമ്പോളങ്ങളുടെ ദുരവസ്ഥ, അറവുശാലകളിലെ ശോചനീയാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നത്. ഈ പ്രശ്‌നങ്ങള്‍ പരിഗണിച്ച സുപ്രീംകോടതി വിഷയത്തില്‍ ഗൗരവമുണ്ടെന്നും സംസ്ഥാനങ്ങള്‍ നടപടിയെടുക്കുന്നില്ല എന്നത് കാരണമല്ലെന്നും കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. മൃഗസംരക്ഷണത്തിന്‍ ശ്രദ്ധപതിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അവകാശമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച കോടതി ഈ പ്രശ്‌നങ്ങള്‍ക്ക് രമ്യമായി പരിഹാരം കാണാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപം നൽകിയ സമിതിയുടെ ശുപാര്‍ശകളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയത്. മൃഗങ്ങളുടെ സംരക്ഷണത്തിനായി ഹര്‍ജിക്കാരന്‍ ഉന്നയിച്ച പല പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരിഹാരമായി. ഇതിലെ ചില പ്രധാന നിര്‍ദ്ദേശങ്ങളുടെ പേരുപറഞ്ഞാണ് പലരും ഇപ്പോള്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്നത്.
കര്‍ഷക ദ്രോഹികള്‍, തങ്ങളുടെ ഭക്ഷണകാര്യത്തില്‍ കൈകടത്തുന്നവര്‍ തുടങ്ങിയ പേരുദോഷങ്ങളാണ് സര്‍ക്കാരിന് ഇതിനിടെ ഇക്കൂട്ടര്‍ ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍, കര്‍ഷകര്‍ക്ക് ഈ ഉത്തരവിലൂടെ ഗുണമല്ലാതെ ദോഷം ഉണ്ടാക്കിയിട്ടില്ല എന്നതാണ് വസ്തുത. കര്‍ഷകര്‍ക്ക് കാളയെയും പശുവിനെയും വാങ്ങാം. ഇത്തരം ചന്തകള്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്ററും സംസ്ഥാന അതിര്‍ത്തികളില്‍ നിന്ന് 25 കിലോമീറ്ററും അകലെയാകണം, കൂടാതെ ഇതിന് ഒരു മേല്‍നോട്ടക്കാരന്‍ ഉണ്ടാകണം എന്നതുമാണ് പ്രധാന നിര്‍ദ്ദേശം. ഇത് എങ്ങനെയാണ് ജന ദ്രോഹപരമോ കര്‍ഷകനെ ദ്രോഹിക്കുന്നതോ ആവുക?
ഞങ്ങളെന്തു കഴിക്കണമെന്നതു കേന്ദ്രമല്ല തീരുമാനിക്കേണ്ടത്, അത് ഞങ്ങളാണ് എന്നു പറയുന്ന ചില നേതാക്കള്‍ പറയുന്നതാണു കാര്യമെങ്കില്‍, ആ നേതാക്കളോടും ചിലത് ചോദിക്കാനുണ്ട്. കുറേ നാളായിട്ടുള്ള ആഗ്രഹമാണ്, മാനിറച്ചി കഴിക്കണമെന്നത്, അതുപോലെ തന്നെ മലമ്പാമ്പിന്റെ ഇറച്ചിയും, കാട്ടുപന്നിയുടെ ഇറച്ചിയുമെല്ലാം. ഇഷ്ടമുള്ളതു കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള പിണറായി വിജയന്റെ നാട്ടില്‍ ഇതൊക്കെ നടക്കുമെങ്കില്‍ നിങ്ങള്‍ പറയുന്നത് തങ്ങളും ഏറ്റുപിടിക്കാം എന്നാണ് ചിലർ നൽകുന്ന മറുപടി.!
മദ്യം എവിടെ നല്‍കണം എവിടെ നല്‍കരുതെന്നും എപ്പോള്‍ നല്‍കണം എപ്പോള്‍ നല്‍കരുതെന്നും തീരുമാനിക്കാന്‍ ആര്‍ക്കാണവകാശം, ഒരുവൻ കാശുകൊടുത്തു വാങ്ങിയ വാഹനത്തില്‍ സീറ്റ് ബെല്‍ട്ട് ഇടണമോ, ഹെല്‍മറ്റ് ധരിക്കണമോ എന്നത് അയാളുടെ സ്വാതന്ത്ര്യമല്ലേ ? അവിടെ കൈകാണിക്കാന്‍ ആര്‍ക്കാണവകാശം..? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്കുകൂടി ഇക്കൂട്ടര്‍ ഉത്തരം നല്‍കേണ്ടി വരും
Post Your Comments