KeralaLatest NewsNews

സ്‌കൂള്‍ പ്രവേശനത്തിന് മുന്നോടിയായി രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് 2017-18 ലെ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുകയാണ്. ഈ വേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ചില ഉപദേശങ്ങള്‍ നല്‍കി കത്തെഴുതിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്.

ഓരോ ദിവസവും പഠനം പുതിയ അനുഭവമായിത്തീരണമെന്ന് മന്ത്രി പറയുന്നു. വീടുപോലെ വിദ്യാലയത്തെ കാത്തു സൂക്ഷിക്കണം. മാത്രമല്ല വിദ്യാര്‍ത്ഥികളെ ഉപദേശിക്കുമ്പോള്‍ കുട്ടികളെ അവരുടെ സ്വപ്‌നങ്ങളിലേക്കും സാധ്യതകളിലേക്കും വളരാനനുവദിക്കുക എന്നതാണ് രക്ഷിതാക്കളോട് മന്ത്രി നിര്‍ദ്ദേശിക്കുന്നത്.

കത്തിന്റെ പൂര്‍ണരൂപം

പ്രിയ കൂട്ടുകാരേ,

പുതിയ അധ്യയന വര്‍ഷം തുടങ്ങുകയാണ്. കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. വിദ്യാലയത്തെ വീടുപോലെ കാത്തുസൂക്ഷിക്കണം. നമ്മളേയും നമ്മുടെ കുടുംബത്തേയും നാം ജീവിക്കുന്ന സമൂഹത്തേയും നശിപ്പിക്കുന്ന എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

നല്ല ഭക്ഷണവും ആവശ്യമായ പുസ്തകങ്ങളും മനസ്സുനിറയെ സ്‌നേഹവും ലഭിക്കുന്ന എല്ലാ സാഹചര്യങ്ങവും സ്‌കൂളിലൊരുക്കിയിട്ടുണ്ട്. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മ ചെയ്യുന്ന നല്ല മനുഷ്യരായി വളരുക. വലിയ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ ശീലിക്കണം. ഓര്‍ക്കുക, ഓരോ പുതിയ കാലവും പുതിയ പ്രതീക്ഷകളുടേത് കൂടിയാണ്.

ഇനി പ്രിയ രക്ഷിതാക്കളോട് ഒരു വാക്ക്,
കുട്ടികളെ അവരവരുടെ സ്വപ്‌നങ്ങളിലേക്കും സാധ്യതകളിലേക്കും വളരാന്‍ അനുവദിക്കുക. അവരെ ഒരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. ഓരോ കുട്ടുകളുടേയും കഴിവ് വ്യത്യസ്തമാണെന്ന് അറിയാമല്ലോ. സ്വന്തമായ കഴിവുകള്‍ വികസിപ്പിക്കുവാനുള്ള പ്രോത്സാഹനമാണവര്‍ക്കാവശ്യം. അവര്‍ സ്വയം നടന്നു കയറട്ടെ പ്രതീക്ഷകളിലേക്ക്. തണലായി അവര്‍ക്കൊപ്പമുണ്ടാവുക.

shortlink

Related Articles

Post Your Comments


Back to top button