മലയാളികള്‍ മലയാളവും തനത് സംസ്കാരവും മറന്ന് ആഗോളമായ ഒരു സാംസ്കാരിക രീതി പിന്തുടര്‍ന്ന് വരുന്ന ഈ കാലത്ത് വ്യത്യസ്തയാവുകയാണ് യുവ കവയത്രി ശ്രീകുട്ടി. എന്തും ഏതും പറയുവാനും കഥയും കവിതയുമുള്‍പ്പെടെ സര്‍ഗ്ഗാത്മ സൃഷ്ടികള്‍ പങ്കുവച്ചു അഭിപ്രായങ്ങള്‍ ഒറ്റ വിരല്‍ തുമ്പിലൂടെ നേടുന്ന ഈ സൈബര്‍ യുഗത്തില്‍ മലയാള ഭാഷ പിറന്ന പനയോലാ താളില്‍ സ്വന്തം കവിത രചിക്കുകയാണ് ഈ കവയത്രി.
കഥയും കവിതയും ആദ്യം എഴുത്തുകാരന്‍റെ മനസ്സിലും പിന്നീട് വാക്കുകളായി കടലാസിലും അതില്‍ നിന്ന് അച്ചടി മഷി പുരണ്ടും ആസ്വാദകരെ തേടിഎത്തുന്ന കാലത്ത് നിന്നും വിഭിന്നമായ ഈ സൈബര്‍ യുഗത്തില്‍ ‘ശ്രീയുടെ കവിതകള്‍’ താളിയോലയില്‍ പിറന്നു. അവയാകട്ടെ ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയിലെ ചുവരുകളില്‍ ചാര്‍ത്തി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇരുപതു കവിതകളാണ് ശ്രീക്കുട്ടി പനയോലത്താളില്‍ എഴുതിയിരിക്കുന്നത്.
സ്വന്തം ജീവിത അനുഭവങ്ങളാണ് കവിതയില്‍ ശ്രീക്കുട്ടിയെന്ന സേതുലക്ഷ്മി വരച്ചിടുന്നത്. ഉള്ളുപൊള്ളുന്ന വേദന അറിയിക്കുന്ന ഈ കാവ്യങ്ങള്‍ എഴുത്തുകാരിയുടെ ജീവിതത്തെയും നമുക്ക് കാട്ടിത്തരുന്നു. ഇതിനായി നടത്തിയ ശ്രമങ്ങള്‍ ശ്രീക്കുട്ടി പറയുന്നു. മൂന്നു മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് താളിയോലക്കവിതകള്‍ യാഥാര്‍ഥ്യമായത്. പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍നിന്ന് പനയോലകള്‍ വരുത്തി. വെയിലിലുണക്കിയാല്‍ പൊടിഞ്ഞുപോകും. തണലിലിട്ട് എല്ലാം ഉണക്കിയെടുത്തു. പിന്നെ നിശ്ചിത വീതിയിലും നീളത്തിലും കീറിയെടുത്തു. എഴുത്താണികൊണ്ട് ശ്രദ്ധയോടെ കവിതയെഴുതി. ഓലയില്‍ പതിഞ്ഞ അക്ഷരങ്ങളെ മഷി തേച്ച് തെളിയിച്ചെടുത്തു. ഒരോലയില്‍ ഒരു വരിമാത്രം. കവിതയുടെ വലിപ്പത്തിനനുസരിച്ച് ഓലകള്‍ കൂടിവന്നു. ഒരു കവിത തീരുമ്പോള്‍ ചരടുകൊണ്ട് എല്ലാംകൂടി ബന്ധിപ്പിക്കും. അങ്ങനെ ഓരോ കവിതയും ഓലക്കെട്ടിലായി. ഇത്രയുമായപ്പോള്‍ കവിതകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹം. ലളിതകലാ അക്കാദമിയെ സമീപിച്ചു. ചിത്രമല്ലാത്തൊരു പ്രദര്‍ശനത്തിന് അവരും അനുമതി കൊടുത്തു. പ്രദര്‍ശനശേഷം താളിയോലക്കവിതകള്‍ പുസ്തകരൂപത്തിലാക്കും. കൊച്ചി ബിനാലെയാണ് ഇത്തരമൊരാശയത്തിനു മനസ്സില്‍ വിത്തുവീഴ്ത്തിയതെന്ന് ശ്രീക്കുട്ടി പറഞ്ഞു.
” അനേക വര്‍ഷം മലയാള കവിത ജീവിച്ചത് പനയോലയിലാണ്. കാലാന്തരത്തില്‍ കവിത ആ വീട് ഉപേക്ഷിച്ചുപോയി. എന്നാല്‍ ഇതു കണ്ടപ്പോള്‍ തറവാട്ടുവീട്ടിലേക്ക് കവിത എത്തിയപോലൊരു തോന്നല്‍.” എന്നാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയ കവി ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.
യോഗാധ്യാപികയായ ശ്രീക്കുട്ടി തൃശൂര്‍ പട്ടിക്കാട് മുടിക്കോട് തോപ്പില്‍ വീട്ടില്‍ സുന്ദരന്‍വസന്ത ദമ്പതിമാരുടെ മകളാണ്.
Post Your Comments