മുംബൈ: മൊബൈല്‍ഫോണിലെ വാട്‌സാപ്പില്‍ അടിച്ച ബോംബ് എന്ന വാക്ക് പതിനാറുകാരനായ മുഹമ്മദ് മുസ്തഫയ്ക്കും കൂടെയുണ്ടായിരുന്ന അഞ്ചുപേരെയും ഒരുദിവസം മുഴുവനാണ് പോലീസ് സ്റ്റേഷനില്‍ ഇരുത്തിയത്. അതും ഒന്നല്ല 24 മണിക്കൂറിനുള്ളില്‍ മൂന്നു പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങി. അവസാനം ‘ബോംബി’ല്‍ കാര്യമില്ലെന്ന് കണ്ടെത്തിയ പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു.
മുംബൈ സി.എസ്.ടി. റെയില്‍വേ പോലീസ് സംശയത്തിന്റെ പേരില്‍ പിടികൂടിയത് കോഴിക്കോട്ടുനിന്ന് നേത്രാവതി എക്സ്പ്രസ്സില്‍ മുംബൈയിലേക്ക് വന്ന മഞ്ചേരി ജമിയത്ത് ഇക്കമിയ അറബിക് കോളേജിലെ ആറുവിദ്യാര്‍ഥികളെയാണ് . പാലക്കാട്ടുനിന്നുള്ള മുസ്തഫയെ കൂടാതെ മുഹമ്മദ് ആദില്‍ (ലക്ഷദ്വീപ്), യൂനിസ്(പാലക്കാട്), മുഹമ്മദ് അസ്ലം, അബ്ദുള്‍ റാഊഫ്(മലപ്പുറം), ഉവൈസ്(കോഴിക്കോട്), മുഹമ്മദ് സിദ്ദിക്കി(കണ്ണൂര്‍) എന്നിവരായിരുന്നു സംഘത്തില്‍.
മുസ്തഫ കേരളത്തിലുള്ള കൂട്ടുകാരനുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ‘ബോംബെയാണ് ബോംബ്…ബോംബ്…’ എന്ന് തിരിച്ചും സന്ദേശമയച്ചു. ഇതൊക്കെ തൊട്ടടുത്തിരുന്ന ഒരു യാത്രക്കാരന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇയാള്‍ രഹസ്യമായി ഇവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പോലീസിന് പരാതികൊടുക്കുകയായിരുന്നു.
പനവേലില്‍ ഇറങ്ങി ലോക്കല്‍വണ്ടി പിടിച്ച് സി.എസ്.ടി.യില്‍ എത്തിയ സംഘത്തെ പോലീസ് കാത്തിരിക്കുകയായിരുന്നു. പരിശോധനയില്‍ മൊബൈലില്‍ ‘ബോംബ് സന്ദേശം’ കണ്ട പോലീസിനും സംശയം വര്‍ധിച്ചു. പിന്നെ ചോദ്യംചെയ്യലായി.
സി.എസ്.ടി. റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് സംഘത്തെ കുര്‍ള റെയില്‍വേ പോലീസിന് കൈമാറി. അവസാനവട്ട ചോദ്യംചെയ്യല്‍ വാഷി റെയില്‍വേ പോലീസിലായിരുന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ അടക്കം എത്തി ചോദ്യംചെയ്തതിനുശേഷമാണ് ‘ബോംബ് സന്ദേശ’ത്തില്‍ കാര്യമില്ലെന്നുകണ്ട് ഇവരെ വിട്ടയച്ചത്. പരാതിക്കാരന്‍ വാഷിയില്‍വെച്ചാണ് ഫോണിലൂടെ പോലീസ് കണ്‍ട്രോള്‍റൂമില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ ഇവരുടെ ചിത്രങ്ങള്‍ നല്‍കി കുര്‍ള റെയില്‍വേ പോലീസിലും പരാതിനല്‍കി. ഇതാണ് മൂന്നുസ്റ്റേഷനിലും ‘കുഞ്ഞു ഭീകരര്‍ക്ക്’ ഹാജരാകേണ്ടിവന്നത്.
Post Your Comments