KeralaNattuvarthaLatest NewsNews

പാറയെക്കാൾ ദൃഢം ഈ പെൺമനസ്….. വേറിട്ട ഉപജീവനവഴിയിൽ കലാമണി

രാധാകൃഷ്ണൻ, മണ്ണനുർ

മലപ്പുറം: “നിന്റെ മനസെന്താ…? കല്ലാണോ?” എന്ന് ചോദിച്ചാൽ ഈ ചിത്രത്തിൽ കാണുന്ന കലാമണി എന്ന യുവതി ചിലപ്പോൾ ‘അതെ’ എന്നുത്തരം പറയും. കല്ലെന്നല്ല – നല്ല ഉറപ്പുള്ള പാറയെന്നു തന്നെ തിരുത്തി പറയും. കാരണം കിണറ്റിലിറങ്ങി പാറ പൊട്ടിക്കുന്ന തൊഴിലിൽ പാറയെ തോൽപിക്കാൻ പറയെക്കാൾ ദൃഢത മനസിന് വേണമെന്ന് കലാമണി പറയുന്നു. അവളുടെ ധീരതയ്ക്ക് സാക്ഷിയായവർ ഇത് ഒട്ടും മടി കൂടാതെ അംഗീകരിക്കും.

കിണറുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി പാറകളിൽ കുഴിയടിച്ച് തിരി നിറയ്ക്കും. കരിമരുന്നിന്റെ കരുത്തിൽ നിമിഷ നേരം കൊണ്ട് പാറകൾ തകർത്തെടുക്കും. കൊതുക് തിരിയുടെ ഇത്തിരി നാളത്തിൽ നിന്ന് കരിമരുന്നിന്റെ തിരി തുമ്പുകളിലേക്ക് തീ പകർന്നു നൽകി രണ്ടര മിനിറ്റിന്റെ സാവകാശത്തിൽ കിണറിൽ നിന്ന് രക്ഷപ്പെടണം. അതിസാഹസികത കൊണ്ട് മാത്രം ജീവൻ സംരക്ഷിക്കാൻ കഴിയുന്ന തൊഴിലിലെ സ്ത്രീ സാന്നിധ്യമാണ് കലാമണി. പത്ത് വർഷമായി മന:ക്കരുത്തിന്റെ പിൻബലത്തിൽ സാഹസിക വഴിയിൽ ഉപജീവനം കണ്ടെത്തുകയാണ് ഇവർ. ഭർത്താവ് വിശ്വനാഥനാണ് ഇതിന് ധൈര്യം പകർന്നു നൽകിയത്.

അസുഖം കാരണം വിശ്വനാഥന് കിണറ്റിൽ ഇറങ്ങാൻ കഴിയാതെ വന്നപ്പോൾ കലാമണി അതിന് തയ്യാറാവുകയായിരുന്നു – കിണറ്റിലിറങ്ങുമ്പോൾ മക്കളെയും കടുംബത്തെയും ഓർക്കാറില്ലെന്ന് കലാമണി പറയുന്നു. കാരണം, ഓർത്താൽ ഈ തൊഴിൽ ചെയ്യാൻ കഴിയില്ല – സാഹസികതയുടെ ആഴങ്ങളിൽ നിന്ന് അതിവേഗം കരയ്ക്ക് കയറി വരുന്ന കലാമണി എന്ന സ്ത്രീയുടെ ധീരത സ്ത്രീ സമൂഹത്തിനാകമാനം ആവേശവും ,അഭിമാനവും പകരുന്നതാണ്. കുടുംബം പുലർത്താൻ ഇവർ കാണിക്കുന്ന ധീരതയോട് സമൂഹത്തിന്റെ ആദരവും, അനുകമ്പയും ഉയർന്നു വരണം.

മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിനിയാണ് 42 കാരിയായ കലാമണി. കലാകാരി കൂടിയാണ് ഇവർ – സ്ത്രീപക്ഷ നാടകങ്ങൾക്ക് രചനയും, ആവിഷ്ക്കാരവും നടത്തി നാടക വേദിയിലൂടെ സ്ത്രീ പ്രശ്നങ്ങളെ സമൂഹത്തിന് മുന്നിൽ എത്തിക്കുന്ന കൂട്ടായ്മയിലും ഇവർ സജീവമാണ്. നൃത്തം സ്വയം പരിശീലിച്ച് വേദിയിൽ അവതരിപ്പിച്ച കലാമണിക്ക് നാടോടി നൃത്തത്തിലും മറ്റും കുടുംബശ്രീ കലാവേദികളിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞ പ്രതിഭ കൂടിയാണ്. അനുഭവങ്ങൾ കരുത്താക്കി മാറ്റിയാണ് ഇവരുടെ ഉപജീവനവും, കലാജീവിതവും. പുരുഷൻമാർ ചെയ്യുന്ന എത് തൊഴിൽ മേഖലയിലും സ്ത്രീക്കും പണിയെടുക്കാൻ കഴിയും എന്ന വാദത്തിന് ഒന്നുകൂടി അടിവരയിടുകയാണ് കലാമണി എന്ന മലപ്പുറംകാരി .

shortlink

Related Articles

Post Your Comments

Related Articles


Back to top button