തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ ഉദ്ഘാടനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടന തിയതി നിശ്ചയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണയുടെ പുറത്താണെന്നും ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു കൂടി സാധിക്കുന്ന ഒരു ദിവസം നിശ്ചയിക്കുന്നതിനായി ശ്രമിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ മെയ് 30 ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊണ്ടുവരാണ് ശ്രമമെന്നും അത് നടന്നില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തുമെന്നുമായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രസ്താവന.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികം പ്രമാണിച്ച് മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി ഒന്നോ രണ്ടോ ദിവസം പരിപാടി മാറ്റിവയ്ക്കുമെന്നും എന്നിട്ടും പ്രധാനമന്ത്രിക്ക് അസൗകര്യമാണെങ്കില്‍ മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്നുമാണ് മന്ത്രി അറിയിച്ചത്. 30 ന് ആലുവയിലാണ് ഉദ്ഘാടനം.
അതേസമയം, മെയ് 29 മുതല്‍ ജൂണ്‍ മൂന്നുവരെ പ്രധാനമന്ത്രി വിദേശപര്യടനത്തിലായതിനാല്‍ മെയ് 30 ന് പ്രധാനമന്ത്രി വിദേശപര്യടനത്തിലായിരിക്കുമെന്നും കേരളത്തിലെത്താന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഒന്നരമാസം മുന്‍പ് നിശ്ചയിച്ച പരിപാടിയനുസരിച്ച് പ്രധാനമന്ത്രി ഈ ദിവസങ്ങളില്‍ യൂറോപ്യന്‍ സന്ദര്‍ശനത്തിലായിരിക്കും.ജര്‍മനി, സ്‌പെയിന്‍, റഷ്യ സന്ദര്‍ശനത്തിലായിരിക്കും ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രി.
പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാതിരിക്കാന്‍ മനപ്പൂര്‍വാണ് സംസ്ഥാന സര്‍ക്കാര്‍ മെയ് 30 ന് ഉദ്ഘാടനം വച്ചതെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി വിദേശസന്ദര്‍ശനം നടക്കുന്ന ദിവസം തന്നെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം വച്ചത് സസംസ്ഥാന സര്‍ക്കാരിന്റെ അല്‍പ്പത്തമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. ജൂണ്‍ അഞ്ചിനും ആറിനും ഒഴിവുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണെന്നും കുമ്മനം പറഞ്ഞു. പ്രധാനമന്ത്രിയെ ഏതുവിധേയനേയും പരിപാടിയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയുളള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
ഇതിനിടെ, കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയില്ലെന്ന് വ്യക്തമാക്കി നിര്‍മാണം നടത്തുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) രംഗത്തുവന്നതു. തീയതി പ്രഖ്യാപിച്ചതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളിലൂടെ അല്‍പ്പം മുന്‍പ് മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടന തിയതി നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്. മെട്രോയുടെ ഉദ്ഘാടകനായി പ്രധാനമന്ത്രിയെയാണ് നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം ഇതേവരെ ഉദ്ഘാടനദിവസം തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. എത്രയും വേഗത്തില്‍ ഒരു ദിവസം നിശ്ചയിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടുവരുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. അടുത്തുതന്നെ ഒരു തിയതി അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെട്രോയുടെ ഉദ്ഘാടന ദിവസം നിശ്ചയിച്ചതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണയുടെ പുറത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments