Latest NewsNewsPrathikarana Vedhi

കൊച്ചി മെട്രോ ഉദ്‌ഘാടനം: പ്രധാനമന്ത്രിയെ ഒഴിവാക്കുന്നത് കേരളത്തിന് ദോഷകരം

കെ.വി.എസ് ഹരിദാസ് എഴുതുന്നു

കൊച്ചി മെട്രോയുടെ ഉദ്ഘാടനം വിവാദമാക്കിയത് സങ്കടകരം തന്നെ. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ഇതെന്നതിൽ ആർക്കെങ്കിലും രണ്ടഭിപ്രായം ഉണ്ടാവുമെന്ന് തോന്നുന്നില്ല.  ആദ്യഘട്ടം ജോലികൾ പൂർത്തിയാക്കുകയും സർവീസ് തുടങ്ങാനാവശ്യമായ സുരക്ഷാ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ഉദ്ഘടാനം നടത്താൻ പ്രധാനമന്ത്രി തന്നെ വരട്ടെ എന്നതായിരുന്നു സംസ്ഥാന സക്കറിന്റെയും നിലപാട്. അതുകൊണ്ടാണല്ലോ നരേന്ദ്ര മോദിയെ ക്ഷണിച്ചുകൊണ്ട് കത്തയച്ചത്. പക്ഷെ അവസാനമറിയുന്നു, മോഡി ഇന്ത്യയിൽ ഇല്ലാത്ത സമയത്ത് ഉദ്ഘടാനം നടത്താൻ തീരുമാനിച്ചു എന്ന്, മെയ് 30 ന് . ഒരു മന്ത്രി തന്നെയാണ് അക്കാര്യം അറിയിച്ചത്. ആലുവയിൽ ആയിരിക്കും ഉദ്‌ഘാടന സമ്മേളനം എന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. നല്ലതുതന്നെ.

നരേന്ദ്ര മോഡി ഈ പറയുന്ന ദിവസങ്ങളിൽ വിദേശത്തവും. അദ്ദേഹത്തിൻറെ വിദേശ സന്ദർശനം ഏതാണ്ട് മൂന്ന് മാസം മുൻപേ തീരുമാനിച്ചതുമാണ്. അത് മനസിലാക്കിക്കൊണ്ടാണ് സംസ്ഥാന സർക്കാർ തീയതി തീരുമാനിച്ചത് എന്നുവേണോ കരുതാൻ?.

കൊച്ചി മെട്രോയിൽ കേരളത്തിന് ഒരു നല്ല പങ്കുണ്ട് എന്നത് മറക്കുന്നില്ല. എന്നാൽ  അതിന്റെ, കൊച്ചി മെട്രോ ലിമിറ്റഡിന്റെ,  സംഘടനാ സംവിധാനം,  ഒന്ന് നോക്കൂ. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ സെക്രട്ടറിയാണ് ചെയര്മാന് . കേരളത്തിലെ ഏലിയാസ് ജോർജ് എംഡിയും. ഡയറക്ടർ ബോർഡിൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ ഒരു ജോയിന്റ് സെക്രട്ടറിയുണ്ട്. ഡൽഹി മെട്രോയുടെ ഒരു പ്രതിനിധിയുണ്ട് . അവരെല്ലാം അറിയാതെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ  കേരള സർക്കാരിന് കഴിയുമോ?. കൊച്ചി മെട്രോയുടെ ഡയറക്ടർ ബോർഡ് ഉദ്‌ഘാടനം സംബന്ധിച്ച്  തീരുമാനിച്ചിട്ടുണ്ടോ?. സംശയമാണ്. ഞാൻ കേട്ടത്, കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്, അതിന്റെ മന്ത്രി വെങ്കയ്യ നായിഡുവിന് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ്. ഇനി വെങ്കയ്യ നായിഡുവിനേയും ഒഴിവാക്കാമെന്ന് കരുതിയോ ആവൊ?. കമ്പനി ചെയർമാൻ പോലുമറിയാതെയാണോ ഉദ്‌ഘാടനം തീരുമാനിച്ചത്?. ഇ ശ്രീധരന്റെ റോൾ എന്താണിതിൽ ?. അടുത്തദിവസം അദ്ദേഹം ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നുവല്ലോ. എനിക്ക് തോന്നുന്നില്ല, ഇ ശ്രീധരൻ ഇത്തരമൊരു നീക്കങ്ങൾക്ക് കൂട്ടുനിൽക്കുമെന്ന്‌ .

കേരളത്തിന്റെ വികസന പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് കൊച്ചി മെട്രോ. അതിന്റെ ഒരു ഭാഗമേ പൂർത്തിയായിട്ടുള്ളൂ. ആദ്യഘട്ടത്തിലെ തന്നെ പകുതിയിലേറെ, കലൂർ സ്റ്റേഡിയം മുതൽ തൃപ്പൂണിത്തുറ വരെ, ബാക്കിയായി  കിടക്കുന്നു. രണ്ടാം ഘട്ടമെന്ന നിലക്ക് കാക്കനാട് വരെയുള്ളതും തുടങ്ങാനിരിക്കുന്നു .ഇതൊക്കെ നടക്കുന്നത് കേരളത്തിന്റെ കാശുകൊണ്ടല്ലല്ലോ. മെട്രോയുടെ ഒരു സ്റ്റെജിനും കേന്ദ്ര സഹായം ലഭിക്കുന്നുണ്ട്. ഫ്രഞ്ച് ഏജൻസി കോടികൾ വായ്പ നൽകിയത് കേന്ദ്രസർക്കാർ നൽകിയ ഉറപ്പിന്മേലാണ്. അങ്ങിനെ എന്തെല്ലാം സഹായം, സഹകരണം. വെങ്കയ്യ നായിഡുവാകട്ടെ  ഇക്കാര്യത്തിൽ വലിയ താല്പര്യം ആദ്യമേ മുതൽ കാണിച്ചിരുന്നതുമാണ്. എന്നിട്ടും എന്തിനിങ്ങനെ ഒരു തിടുക്കം, എന്തിനിങ്ങനെ ഒരു രാഷ്ട്രീയക്കളി എന്ന തോന്നലുണ്ടാക്കാൻ ശ്രമം?.  ഈ കേന്ദ്ര വിരുദ്ധ രാഷ്ട്രീയ സമീപനം  കേരളത്തിന്റെ മറ്റ്‌ വികസന പദ്ധതികളെയും ബാധിച്ചുകൂടായ്‌കയില്ലേ ?. കേരള സർക്കാർ ഇക്കാര്യങ്ങളൊക്കെ വേണ്ടവിധം ചിന്തിക്കും എന്നാണ് ഇപ്പോഴും ഞാൻ കരുതുന്നത്. ഉദ്‌ഘാടനം രണ്ടാഴ്ച നീണ്ടാലും ഒരു പ്രശ്നവും സംഭവിക്കാനില്ല. അതൊക്കെ അറിയാത്തവരല്ല കൊച്ചി മെട്രോയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥർ.  പ്രധാനമന്ത്രിയുടെ സൗകര്യം കണക്കിലെടുത്ത് അതിനു തയ്യാറാവുന്നതാണ്  കേരളത്തിന് ഗുണകരം എന്ന് മാത്രമേ ഇപ്പോൾ സൂചിപ്പിക്കുന്നുള്ളൂ. അത് തിരിച്ചറിയാനുള്ള ബുദ്ധിയും മനസും നമ്മുടെ മുഖ്യമന്ത്രി അടക്കമുള്ളവർക്കുണ്ട് എന്ന് കരുതുന്നയാളാണ് ഞാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button