കുവൈറ്റ് സിറ്റി : സ്വദേശികൾക്ക് നിർബന്ധിത സൈനിക സേവനം നടപ്പാക്കി കുവൈറ്റ്. മേയ് 10ന് 18 വയസ്സ് തികയുന്ന സ്വദേശികൾക്കാണ് 12 മാസം കാലാവധിയുള്ള നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തുക. ഇതിൽ നാലുമാസം ആയുധങ്ങൾ ഉപയോഗിക്കുന്നതിലുൾപ്പെടെയുള്ള പരിശീലനത്തിനും എട്ടുമാസം സൗജന്യ സേവനവുമായിരിക്കുമുള്ളത്. ഇതിനായുള്ള അപേക്ഷ കാപിറ്റൽ ഗവർണറേറ്റിലെ ദസ്മ പൊലീസ് സ്റ്റേഷൻ, അഹ്മദിയിലെ ഉഖൈല പൊലീസ് സ്റ്റേഷൻ, ഫർവാനിയയിലെ സുരക്ഷാ വകുപ്പ് ആസ്ഥാനം, ജഹ്റ സുരക്ഷാ കാര്യാലയം, മുബാറക് അൽ കബീറിലെ അബൂഫതീറ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായിരിക്കും സ്വീകരിക്കുക. യുവാക്കളിൽ ദേശസ്നേഹം ഈട്ടിയുറപ്പിക്കല് ,മേഖല അഭിമുഖീകരിക്കുന്ന പ്രത്യേക സുരക്ഷാ സാഹചര്യം എന്നിവ പ്രകാരമാണ് ഈ പദ്ധതി അധികൃതർ നടപ്പാക്കിയത്.
ഓരോ ഗവർണറേറ്റുകളിലും പ്രായപരിധിയെത്തിയ യുവാക്കൾ അതാത് സെന്ററുകളിലായിരിക്കും രേഖകൾ നൽകേണ്ടത്. കൂടാതെ ഇതിനുവേണ്ടി യുവാക്കൾ സ്വയം സന്നദ്ധരായി അപേക്ഷ നൽകാതിരിക്കുന്നതും നൽകിയതിന് ശേഷം പിന്മാറുന്നതും നിയമലംഘനവും ശിക്ഷാർഹവുമാണ് എന്നും അധികൃതര്‍ അറിയിച്ചു.
അർഹരായ യുവാക്കളെ മെയ് മാസം കണ്ടെത്തി അവർക്കുള്ള സൈനിക പരിശീലനം ജൂലായ് മുതൽ ആയിരിക്കും ആരംഭിക്കുക. മാതാപിതാക്കൾക്ക് ആശ്രയമായ ഏക യുവാവ്, പഠനം, രോഗം എന്നീ സാഹചര്യങ്ങളിലുള്ള യുവാക്കളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments