കൊച്ചി : കൊച്ചി മെട്രോ ട്രെയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു. കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ(സി.എം.ആര്‍.എസ്) അന്തിമാനുമതിയും ലഭിച്ച പശ്ചാത്തലത്തിലാണ് ബുധനാഴ്ച മുതല്‍ കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ ആരംഭിക്കുന്നത്. ആദ്യ ദിനമായ ബുധനാഴ്ച നാലു ട്രെയിനുകള്‍ ഉപയോഗിച്ചാണു സര്‍വീസ് ട്രയല്‍ നടത്തുന്നതെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ അത് ആറു ട്രെയിന്‍ വീതമാക്കും. വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്ന അത്രയും കാലം ഈ സര്‍വീസ് ട്രയലുകള്‍ തുടരുമെന്നാണ് വിവരം. ഏറ്റവും കുറഞ്ഞത് ഒരാഴ്ച മുതല്‍ പത്തു ദിവസം വരെ സര്‍വീസ് ട്രയലുകള്‍ നടത്തേണ്ടിവരും.
കഴിഞ്ഞയാഴ്ചയാണ് മെട്രോയുടെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായത്. അന്ന് നടന്ന പരിശോധനയില്‍ തൃപ്തി രേഖപ്പെടുത്തിയുള്ള അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സുരക്ഷാ കമ്മീഷണര്‍ കെ.എം.ആര്‍.എല്ലിന് കൈമാറിയിരിക്കുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ 13 കിലോമീറ്റര്‍ ദൂരമായിരുന്നു, മെട്രോ റെയില്‍ ചീഫ് സേഫ്റ്റി കമ്മീഷണര്‍ കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. സ്റ്റേഷനുകള്‍, പാളം, സിഗ്‌നലിങ്, ടെലി കമ്യൂണിക്കേഷന്‍, യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ശുചിമുറികള്‍, അനൗണ്‍സ്‌മെന്റ് തുടങ്ങി മെട്രോയുടെ എല്ലാ വശങ്ങളും സംഘം പരിശോധിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ കാര്യങ്ങളില്‍ പൂര്‍ണ തൃപ്തി അറിയിച്ചാണ് സംഘം മടങ്ങിയത്. മെട്രോയുടെ സര്‍വീസ് ട്രയലിനുള്ള സമയക്രമം അടക്കമുള്ള കാര്യങ്ങള്‍ തയ്യാറായിട്ടുണ്ട്. മെട്രോയുടെ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയും വാണിജ്യ സര്‍വീസിന്റെ അതേ ക്രമത്തില്‍ സമയപ്പട്ടിക തയാറാക്കി ഓരോ സ്റ്റേഷനുകളിലും നിര്‍ത്തേണ്ട സമയമടക്കം പാലിച്ചുമായിരിക്കും സര്‍വീസ് ട്രയല്‍.
Post Your Comments