മൂന്നാര്‍ : ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഘം വാട്ട്‌സ്ആപ്പിലൂടെ കുടുങ്ങി. തട്ടിപ്പ് സംഘം പറ്റിച്ചവര്‍ ചേര്‍ന്നുണ്ടാക്കിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് കബളിപ്പിച്ചവരെ യുവാക്കള്‍ കണ്ടെത്തിയത്. കൊല്ലം പരവൂര്‍ സ്വദേശികളായ ജീനസ് (45), മനോജ് ലോറന്‍സ് (35) എന്നിവരാണ് പണം തട്ടിയത്. ‘ജീനസ് തട്ടിച്ച പിള്ളേര്‍’ എന്ന ഗ്രൂപ്പിലൂടെയാണ് മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളില്‍ ഒരാളെ കണ്ടെത്തിയത്. റഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ മിലിട്ടറി കാന്റീനുകളില്‍ ഷെഫ് ആയി ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളാണ് യുവാക്കളില്‍നിന്ന് ഇവര്‍ തട്ടിയെടുത്തത്. മനോജ് ലോറന്‍സ് പൊലീസ് പിടിയിലായ വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അറിഞ്ഞ മാങ്കുളം മലയില്‍ എസ്.ബിബിന്‍ (32) ആണ് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്. രണ്ടാം പ്രതിയായ കൊല്ലം പരവൂര്‍ മനോജ് ലോറന്‍സ് മറ്റൊരു കേസില്‍ അറസ്റ്റിലായി തിരൂര്‍ സബ് ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഒന്നാം പ്രതി ജീനസ് ഇപ്പോള്‍ റഷ്യയിലാണ്. ഇയാളുടെ ഭാര്യ അന്ന റഷ്യന്‍ സ്വദേശിനിയാണ്.
2015 ലാണ് ജീനസും മനോജ് ലോറന്‍സും ചേര്‍ന്ന് വിവിധ ജില്ലകളില്‍നിന്നായി 30 ഓളം പേരില്‍നിന്ന് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ജോലി വാഗ്ദാനം നല്‍കി 30 പേരെയും ഇവര്‍ മൂന്നുമാസത്തെ വിസിറ്റിങ് വിസയില്‍ റഷ്യയില്‍ എത്തിച്ചിരുന്നു. ജോലി ശരിയാകാത്തതിനാല്‍, ഇതിനുശേഷം ആറുമാസം 30 പേരും റഷ്യയില്‍ ഒളിച്ചുതാമസിച്ചു. പൊലീസ് അറസ്റ്റുചെയ്ത് രണ്ടരമാസം ജയിലില്‍ കിടന്ന ഇവരെ സര്‍ക്കാര്‍ ഇടപെട്ടാണ് മടക്കി നാട്ടിലെത്തിച്ചത്. തുടര്‍ന്നാണ് ഇവര്‍ ചേര്‍ന്ന് ഉണ്ടാക്കിയ ‘ജീനസ് തട്ടിച്ച പിള്ളേര്‍’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. ഇതുവഴിയാണ് മനോജ് പിടിയിലായ വിവരം അറിഞ്ഞതും പരാതി നല്‍കിയതും. തിരൂര്‍ ജയിലില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് മൂന്നാര്‍ എസ്.ഐ. പി.ജിതേഷ് പറഞ്ഞു.
Post Your Comments